മിഷനറി പ്രവർത്തനം നടത്തിയെന്നാരോപിച്ച് ഒസിഐ കാർഡ് റദ്ദാക്കിയതിനെതിരെ കോടതിയുടെ ഇടപെടൽ
Tuesday, August 14, 2018 8:55 PM IST
ഡാളസ് : ഡാളസിൽ നിന്നുള്ള മലയാളി ഡോക്ടർ ക്രിസ്റ്റോ തോമസ് ഫിലിപ്പ് ബിഹാറിലെ ഡങ്കൻ ആശുപത്രി സന്ദർശിച്ച് സൗജന്യ ചികിത്സ നടത്തിയത് മെഡിക്കൽ മിഷനറി പ്രവർത്തനമാണെന്ന് ആരോപിച്ചു ഹൂസ്റ്റൺ കോൺസുലേറ്റ്, ഡോക്ടറുടെ ഒസിഐ കാർഡ് റദ്ദു ചെയ്ത നടപടിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച പരാതിയിൽ ജഡ്ജി വിഭു ബക്രുവിന്‍റെ ഇടപെടൽ.

ഇന്ത്യയിലെ ഏതു പൗരനേയും പോലെ ഒസിഐ കാർഡ് കൈവശമുള്ള ഇന്ത്യൻ വംശജനു ഭരണഘടന അനുവദിച്ചിട്ടുള്ള മൗലീക അവകാശങ്ങൾക്ക് അർഹതയുണ്ടെന്നു ഡൽഹി ഹൈക്കോടതി അഭിപ്രായപ്പെട്ടു. സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനും സംസാര സ്വാതന്ത്ര്യത്തിനും നിയന്ത്രണമേർപ്പെടുത്തുന്നതിനോ തടസപ്പെടുത്തുന്നതിനോ ആർക്കും അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഏതു സാഹചര്യത്തിലാണ് ഒസിഐ കാർഡ് റദ്ദാക്കിയതെന്നു കോടതിയെ ബോധ്യപ്പെടുത്തുന്നതിനും ജഡ്ജി നിർദേശിച്ചു. ഇതു സംബന്ധിച്ച ഇന്‍റലിജൻസ് റിപ്പോർട്ടും ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

2012 നവംബർ 22 നാണ് ഡോക്ടർക്ക് ഒസിഐ കാർഡ് ലഭിച്ചത്. 2014 മുതൽ നിരവധി തവണ അദ്ദേഹം വോളണ്ടിയർ പ്രവർത്തനത്തിനായി ഡങ്കൻ ആശുപത്രി സന്ദർശിച്ചിരുന്നു. ഇതായിരുന്നു 2016 ഏപ്രിൽ 26 ന് ഡോക്ടറെ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് നാടുകടത്തുന്നതിന് അധികാരികളെ പ്രേരിപ്പിച്ചത്.

കേരളത്തിൽ ജനിച്ച ഡോക്ടർ, അമേരിക്കയിലാണ് ജനിച്ചതെന്നു തെറ്റായ വിവരവും ഒസിഐ കാർഡ് റദ്ദാക്കിയ സർക്കുലറിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യ സന്ദർശിക്കുന്നതിന് ആജീവനാന്ത അനുമതി പത്രമാണ് ഒസിഐ കാർഡ്. ഇരട്ട പൗരത്വം ഇന്ത്യ അനുവദിച്ചിട്ടില്ലെങ്കിലും ഒട്ടേറെ ആനുകൂല്യങ്ങൾ ഒസിഐ കാർഡുള്ളവർക്ക് മാതൃരാജ്യമായ ഇന്ത്യയിൽ ലഭ്യമാണ്.

റിപ്പോർട്ട് : പി.പി. ചെറിയാൻ