എംകെഎയും കേരളത്തിനായി കൈകോര്‍ക്കുന്നു
Monday, August 13, 2018 3:02 PM IST
ടൊറന്റോ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാന്‍ എംകെഎയും മുന്‍കയെടുക്കുന്നു. സെപ്റ്റംബര്‍ ഒന്നിനു ശനിയാഴ്ച മിസിസാഗയില്‍ നടക്കുന്ന ഓണക്കാഴ്ച പരിപാടിക്കായി വില്‍ക്കുന്ന ഓരോ ടിക്കറ്റില്‍നിന്നും രണ്ടു ഡോളര്‍ വീതം അസോസിയേഷന്റെ തന്നെ നിധിയിലേക്ക് നല്‍കും. ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ മലയാളി സമൂഹത്തില്‍നിന്നു പരമാവധി സഹായം ഉറപ്പാക്കാന്‍ 'കൈകോര്‍ക്കാം, കേരളത്തിനായി' എന്ന ആഹ്വാനത്തോടെയൊണ് രംഗത്തിറങ്ങുന്നത്. ഓരോരുത്തര്‍ പണം അയയ്ക്കുന്നതിന്റെ ചെലവും മറ്റും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുമനസ്സുകളുടെ സഹായത്തോടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതെന്ന് പ്രസിഡന്റ് പ്രസാദ് നായര്‍ പറഞ്ഞു.

മുപ്പതാം വാര്‍ഷികം പ്രമാണിച്ച് നടപ്പാക്കുന്ന കാരുണ്യ പദ്ധതികളുടെ ഭാഗമായായികൂടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്. താല്‍പര്യമുള്ളവര്‍ക്ക് സെപ്റ്റംബര്‍ ഒന്നുവരെ പണം നല്‍കാം. തുടര്‍ന്ന് ഓണക്കാഴ്ച ടിക്കറ്റില്‍നിന്നുള്ള വിഹിതവും സമാഹരിക്കുന്ന തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയയ്ക്കും. വിവരങ്ങള്‍ക്ക് എംകെഎയെ ഭാരവാഹികളുമായോ 6476438052 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം