സീറോ മലബാർ നാഷണൽ കണ്‍വൻഷൻ 2019: ലോഗോ പ്രകാശനം ചെയ്തു
Saturday, August 11, 2018 4:49 PM IST
ഹൂസ്റ്റൺ: ഷിക്കാഗോ സീറോ മലബാർ കത്തോലിക്കാ രൂപത അൽമായരുടെ ഏഴാമത് നാഷണൽ കണ്‍വൻഷന്‍റെ ലോഗോ പ്രകാശനം ചെയ്തു. ഓഗസ്റ്റ് 5ന് ആതിഥേയ നഗരമായ ഗ്രേറ്റർ ഹൂസ്റ്റണിലെ മിസൗറി സിറ്റിയിലുള്ള സെന്‍റ് ജോസഫ് ഫൊറോന കത്തോലിക്കാ ദേവാലയത്തിൽ നടന്ന ചടങ്ങിൽ വികാരി ഫാ. കുര്യൻ നെടുവേലി ചാലങ്കൽ പ്രകാശനം നിർവഹിച്ചു.

സെന്‍റ് ജോസഫ് ഫൊറോന ദേവാലയത്തിലെ യൂത്ത് വിംഗാണ് ലോഗോ രൂപകല്പന ചെയ്തത്. വടക്കെ അമേരിക്കയിലേക്ക് കുടിയേറിയ സെന്‍റ് തോമസ് സീറോ മലബാർ കത്തോലിക്കാ വിശ്വാസികളുടെ ജ്വലിക്കുന്ന പൈതൃകം ഉൾക്കൊള്ളുന്ന, അമേരിക്കൻ ദേശീയ പതാകയുടെ മീതെ ഉറപ്പിച്ചു നിർത്തിയിരിക്കുന്ന സീറോ മലബാർ കത്തോലിക്കാ കുരിശും മറ്റു അനുബന്ധ ചിഹ്നങ്ങളും ലോഗോയുടെ പ്രത്യേകതയാണ്. വിശ്വാസാധിഷ്ഠിതമായ അനേകം മഹത്തായ സന്ദേശങ്ങളാണ് ലോഗോയിലൂടെ ഉദ്ഘോഷിക്കുന്നത്.

2019 ഓഗസ്റ്റ് ഒന്നു മുതൽ 4 വരെ ഹൂസ്റ്റണിലെ ഹിൽട്ടൻ അമേരിക്കാസ്, ജോർജ് ബ്രൗണ്‍ കണ്‍വൻഷൻ വേദികളിലായി നടക്കുന്ന കണ്‍വെൻഷന് ആതിഥേയം വഹിക്കുന്ന സെന്‍റ് ജോസഫ്സ് ഫൊറോന ഇടവകാംഗങ്ങൾക്കും ഗ്രേറ്റർ ഹൂസ്റ്റണിലെ സീറോ മലബാർ കത്തോലിക്കാ വിശ്വാസി സമൂഹത്തിനും കണ്‍വെൻഷന്‍റെ വിജയത്തിനായി നല്ല പങ്കു വഹിക്കാനാകുമെണ്ട ന്ന് ആശംസാ പ്രസംഗത്തിൽ ചെയർമാൻ അലക്സാണ്ടർ കുടകചിറ പറഞ്ഞു.

കോ-കണ്‍വീനറായ വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ കണ്‍വെൻഷന്‍റെ ഉദ്ദേശ ലക്ഷ്യങ്ങളെപ്പറ്റിയും വിവിധ പരിപാടികളെപ്പറ്റിയും സംസാരിച്ചു. കൺവൻഷൻ ജനറൽ കൺവീനറായ ഷിക്കാഗോ സീറോ മലബാർ കത്തോലിക്കാ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് സെപ്റ്റംബർ 16ന് കണ്‍വൻഷൻ രജിസ്ട്രേഷൻ കിക്കോഫ് ഹൂസ്റ്റണിൽ നിർവഹിക്കും. രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്താണ് കൺവൻഷന്‍റെ രക്ഷാധികാരി.

ലോഗോയുടെ രൂപകല്പന നിർവഹിക്കാൻ നേതൃത്വം നൽകിയ
ഇടവകയിലെ യൂത്ത് വിംഗ് പ്രവർത്തകരായ മിതുൽ ജോസ്, സോണിയ കുര്യൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. സഹവികാരി ഫാ. രാജീവ് ഫിലിപ്പ്, മിതുൽ ജോസ്, സോണിയ കുര്യൻ, തുടങ്ങിയവർ കണ്‍വൻഷനിലെ യുവജന പ്രാതിനിധ്യത്തേയും യുവജന ങ്ങളുടെ വിവിധ പരിപാടികളേയും ആധാരമാക്കി സംസാരിച്ചു. അമേരിക്കയിലെ വിവിധ സീറോമലബാർ ഇടവകകളിൽ നിന്നും മിഷൻ കേന്ദ്രങ്ങളിൽ നിന്നുമൊക്കെയായി അയ്യായിരത്തിൽപരം വിശ്വാസികളെയാണ് കൺവൻഷനിലേക്ക് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

റിപ്പോർട്ട്: എ.സി. ജോർജ്