ബ്രാൻസണിൽ ഡക്ക് ബോട്ട് മുങ്ങി 11 മരണം
Friday, July 20, 2018 9:05 PM IST
ബ്രാൻസൺ: മിസോറി സ്റ്റേറ്റിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ബ്രാൻസണിലെ ടേബിൾ റോക്ക് തടാകത്തിൽ വ്യാഴാഴ്ച വൈകിട്ട് ഉല്ലാസയാത്രയ്ക്കു പോയ ഡക്ക് ബോട്ട് മുങ്ങി ഒരു കുട്ടി ഉൾപ്പടെ 11 പേർ മരിച്ചതായി സ്റ്റോൺ കൗണ്ടി ഷെറിഫ് ഡഗ് റാഡർ അറിയിച്ചു. കൂടുതൽ പേരെ ഇനിയും കണ്ടെത്താനുണ്ട്. ഏഴു പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

റൈഡ് ദി ഡക്സ് ഇന്‍റർ നാഷണൽ എന്ന കമ്പനിയാണ് കരയിലും വെള്ളത്തിലും ഒരു പോലെ ഉപയോഗിക്കാവുന്ന ഡക്ക് ബോട്ട് സവാരി നടത്തുന്നത്. ഇന്നലെ വൈകിട്ട് ആറിന് ഉല്ലാസയാത്രക്കാർക്കായി അവസാനത്തെ ട്രിപ്പ് യാത്ര നടത്തിയ ബോട്ട് ആണ് അപകടത്തിൽപെട്ടത്. ഏകദേശം 31 പേർ ബോട്ടിൽ ഉണ്ടായിരുന്നതായാണ് അറിവ്. 60 മൈൽ സ്പീഡിൽ പെട്ടെന്നുണ്ടായ കാറ്റിൽ ആണ് ബോട്ട് മുങ്ങുവാൻ ഇടയായതെന്നാണ് ഇതുവരെ ലഭിച്ച വിവരം.

അമേരിക്കയിലെ മലയാളികൾ ധാരാളം പേർ വിനോദ യാത്രക്കായി തെരഞ്ഞെടുക്കുന്ന ഒരു പ്രധാന പട്ടണം ആണ് മിസോറി സ്റ്റേറ്റിലെ ബ്രാൻസൺ. ഇവിടുത്തെ സൈറ്റ് ആൻഡ് സൗണ്ട് തിയേറ്ററിൽ നടക്കുന്ന ബൈബിൾ നാടകം വളരെ പ്രസിദ്ധമാണ്. അപകടത്തിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഇതുവരെ അറിവായിട്ടില്ല.

മിസോറി സ്റ്റേറ്റ് ഗവർണർ മൈക്ക് പാർസൺ അപകടത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി.

റിപ്പോർട്ട് : ഷാജി രാമപുരം