മോർ ഒസ്താത്തിയോസ് ബന്യാമിൻ ജോസഫ് മെമ്മോറിയൽ കാഷ് അവാർഡ്
Friday, July 20, 2018 8:59 PM IST
ന്യൂയോർക്ക്: മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന സിംഹാസന പളളികളുടെ അധിപനായിരുന്ന മോർ ഒസ്താത്തിയോസ് ബന്യാമിൻ ജോസഫ് മെത്രാപ്പോലീത്തായുടെ സ്മരണാർഥം അമേരിക്കൻ മലങ്കര അതിഭദ്രാസന സണ്‍ഡേ സ്കൂൾ പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കുന്ന കുട്ടിക്ക് പനക്കൽ ഫാമിലി സ്പോൺസർ ചെയ്യുന്ന മോർ ഒസ്താത്തിയോസ് ബന്യാമിൻ ജോസഫ് മെമ്മോറിയൽ കാഷ് അവാർഡ് (1001 ഡോളർ ) നൽകി ആദരിക്കുന്നു.

മലങ്കര സുറിയാനി സഭയുടെ പ്രതിസന്ധിഘട്ടത്തിൽ സത്യവിശ്വാസം നിലനിർത്തുന്നതിനും സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങൾ പരിരക്ഷിക്കുന്നതിനും അഹോരാത്രം പരിശ്രമിക്കുകയും പരിശുദ്ധ അന്ത്യോഖ്യ സിംഹാസനത്തോടും പരിശുദ്ധ പാത്രിയർക്കീസ് ബാവായോടും വിധേയത്വവും കൂറും ജീവിതാന്ത്യം വരെ നിലനിർത്തുകയും ചെയ്ത ഭാഗ്യ സ്മരണാർഹനായ, ബന്യാമിൻ തിരുമേനിയുടെ നാമത്തിൽ ഇത്തരത്തിലൊരു അവാർഡ് പ്രഖ്യാപിക്കുവാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും വരും തലമുറക്ക് ഇതൊരു പ്രചോദനമായി തീരട്ടേയെന്നും ഭദ്രാസന മെത്രാപ്പോലീത്ത ആർച്ച് ബിഷപ് യെൽദൊ മോർ തീത്തോസ് ആശംസിച്ചു.

2017ൽ ഭദ്രാസനാടിസ്ഥാനത്തിൽ 10ാം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ടാനിയ ജഗന് (സെന്‍റ് ഇഗ്നേഷ്യസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രൽ, കരോൾട്ടൻ, ടെക്സസ്) ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ അമേരിക്കയുടെയും കാനഡായുടെയും അതിഭദ്രാസനത്തിൽ ജൂലൈ 25 മുതൽ 28 വരെ നടക്കുന്ന 32ാമത് യൂത്ത് ആൻഡ് ഫാമിലി കോണ്‍ഫറൻസിനോടനുബന്ധിച്ചു നടത്തപ്പെടുന്ന പൊതുയോഗത്തിൽ ഭദ്രാസന മെത്രാപ്പോലീത്ത യെൽദൊ മോർ തീത്തോസ് കാഷ് അവാർഡ് സമ്മാനിക്കും. പനക്കൽ ഫാമിലിക്കുവേണ്ടി ബന്യാമിൻ തിരുമേനിയുടെ സഹോദര പുത്രൻ ബെന്നി പനക്കലാണ് കാഷ് പ്രൈസ് സ്പോണ്‍സർ ചെയ്യുന്നത്.