ഒഹായോ സംസ്ഥാനത്തെ 2018 ലെ ആദ്യ വധശിക്ഷ നടപ്പാക്കി
Friday, July 20, 2018 8:22 PM IST
ഒഹായൊ: നീണ്ട മുപ്പതു വർഷം ഡത്ത് റോയിൽ കിടന്നിരുന്ന റോബർട്ട് വാൻ ഹുക്കിന്റെ (58) വധശിക്ഷ ജൂലൈ 18 ന് ബുധനാഴ്ച ഒഹായൊ ഡിപ്പാർട്ട്മെന്റ് ഓഫ് റിഹാബിലിറ്റേഷൻ ആൻഡ് കറക്‌ഷൻ സെന്ററിൽ നടപ്പാക്കി.

1985 ഫെബ്രുവരി 25 ന് ഡൗൺടൗൺ (സിൻസിയാറ്റി) ബാറിൽ പരിചയപ്പെട്ട ഡേവിഡ് സെൽഫിനെ (25) വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി. കൈയിലുള്ളതെല്ലാം കവർച്ച ചെയ്ത ശേഷം കുത്തി കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്.

ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ഡത്ത് ചേമ്പറില്‍ എത്തിച്ച റോബർട്ട് സെൽഫിന്റെ കുടുംബാംഗങ്ങളോട് മാപ്പപേക്ഷിച്ചു. തുടർന്ന് മാരകമായ വിഷമിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ചു രണ്ടു മിനിറ്റിനകം മരിച്ചു. ബാല്യകാലത്തിൽ അനുഭവിക്കേണ്ടി വന്ന മനസിക ശാരീരിക പീഡനമാണ് ഇയാളെ കൊലപാതകിയാക്കിയതെന്നുള്ള വാദം വധശിക്ഷ ഒഴിവാക്കുന്നതിനു മതിയായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി.

സംസ്ഥാനത്തെ 2018 ലെ ആദ്യ വധ ശിക്ഷയായിരുന്നു ജൂലൈ 18 ന് നടപ്പാക്കിയത്. ഈ വർഷം അമേരിക്കയിൽ നടപ്പാക്കിയ 14 വധശിക്ഷകളിൽ എട്ടും ടെക്സസിലായിരുന്നു.

റിപ്പോർട്ട്: പി. പി. ചെറിയാൻ