ഡാളസിലെ താപനില 110 ഡിഗ്രി വരെ ഉയരുമെന്നു മുന്നറിയിപ്പ്
Thursday, July 19, 2018 11:01 PM IST
ഡാളസ്: നോർത്ത് ടെക്സസിലെ ഡാളസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ അടുത്ത മൂന്നു ദിവസം താപനില 110 ഡിഗ്രി ഫാരൻഹിറ്റ് വരെ ഉയരുമെന്നു ദേശീയ കാലാവസ്ഥ സർവീസ് മുന്നറിയിപ്പ് നൽകി.
ബുധനാഴ്ച ഡാളസ് വിമാനത്താവളത്തിലെ താപനില 106 ഡിഗ്രിയായിരുന്നു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ യഥാക്രമം 107 , 108, 110 ഡിഗ്രി വരെ ഉയരുമെന്നതിനാൽ ഡാളസ് ഫോർട്ട് വർത്ത് 46 കൗണ്ടികളിലുള്ളവർ മുൻ കരുതൽ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.

അലർജിയും ശ്വാസകോശ രോഗവുമുള്ളവരെ ഇതു കാര്യമായി ബാധിക്കുമെന്നു മെത്തഡിസ്റ്റ് ചാർട്ടൻ മെഡിക്കൽ സെന്‍ററിലെ പൾമനോളജിസ്റ്റ് ഡോ. സ്റ്റീഫൻ മുള്ളർ പറഞ്ഞു. ഇൻഹെയ്‍ലർ കൈവശം വച്ചു ശീതികരണ മുറികളിൽ കഴിയുന്നതാണു നല്ലതെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു.

വാഹനമുപയോഗിക്കുന്നവർ ടയർ പ്രഷറും ബാറ്ററിയും പരിശോധിച്ചു പ്രവർത്തന ക്ഷമത ഉറപ്പുവരുത്തണമെന്നും വെള്ളക്കുപ്പികൾ കൈവശം വയ്ക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേ സമയം, വൈദ്യുതി ഉപയോഗം ടെക്സസിൽ റിക്കാർഡ് കടന്നു. വൈകിട്ട് 4 മുതൽ 5 വരെ ശരാശരി 72,192 മെഗാവാട്ടാണ് ഉപയോഗിക്കുന്നതെന്ന് ടെക്സസ് ഇലക്ട്രിക് റിലയബിലിറ്റി കൗൺസിൽ അറിയിപ്പിൽ പറയുന്നു.

റിപ്പോർട്ട് : പി. പി. ചെറിയാൻ