പൂജാ ജസ്റാണി നാസാ മിഷൻ കൺട്രോൾ ഡയറക്ടർ
Wednesday, July 18, 2018 6:41 PM IST
ഹൂസ്റ്റൺ: നാസാ മിഷൻ കൺട്രോൾ ഡയറക്ടർ ടീമിൽ ഇന്ത്യൻ അമേരിക്കൻ ഏയ്റോ സ്പേയ്സ് എൻജിനിയർ പൂജ ജസ്റാണി ഇടം നേടി. പുതുതായി നിയമിക്കപ്പെട്ട ആറുപേരിൽ ഏക ഇന്ത്യൻ അമേരിക്കൻ എൻജിനിയറാണ് പൂജ.

ഇംഗ്ലണ്ടിൽ ജനിച്ച പൂജ ഓസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ നിന്നും 2007 ൽ എയ്റോ സ്പേയ്സ് എൻജിനിയറിംഗിൽ ബിരുദം നേടി. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ യുണൈറ്റഡ് സ്പേയ്സ് അലയൻസിൽ പരിശീലനം നേടിയിട്ടുണ്ട്.

സ്പേയ്സ് സ്റ്റേഷൻ ഫൈളറ്റ് കൺട്രോൾ ടീം അംഗമെന്ന നിലയിൽ ലൈഫ് സപ്പോർട്ട് കാപ്സ്യൂൾ കമ്യൂണിക്കേറ്റർ, ബഹിരാകാശ സഞ്ചാരികളുമായി ആശയ വിനിമയം നടത്തുക തുടങ്ങിയ ബൃഹത്തായ ചുമതലകളാണ് പൂജയിൽ നിക്ഷിപ്തമായിരിക്കുന്നത്.

മാർക്കോസ് ഫ്ളോറസ്, അല്ലീസൺ ബോളിംഗർ, അഡി ബൗലോസ്, റീബാക്ക വിംഗ്ഫീൽഡ്, പോൾ കോനിയ എന്നിവരാണ് പൂജക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ.

2003 ൽ ബഹിരാകാശ യാത്രയിൽ പങ്കെടുത്ത് തിരിച്ചു വരുന്നതിനിടയിൽ സ്പേസ് ഷട്ടിൽ കൊളംബിയ തകർന്നപ്പോൾ അതിലുണ്ടായിരുന്ന ഇന്ത്യൻ വംശജയായ കൽപനാ ചൗളക്കുശേഷം നാസായിൽ ഉയർന്ന സ്ഥാനത്തു നിയമനം ലഭിക്കുന്ന ആദ്യ സ്പേയ്സ് എൻജിനിയറാണ് പൂജാ ജസ്റാണി.

റിപ്പോർട്ട് : പി.പി.ചെറിയാൻ