ഹൂസ്റ്റണിൽ ഏഴാമത് സീറോ മലബാർ നാഷണൽ കണ്‍വൻഷൻ 2019 ൽ
Wednesday, July 18, 2018 5:24 PM IST
ഹൂസ്റ്റണ്‍ : അമേരിക്കയിലെ ഷിക്കാഗോ സീറോ മലബാർ രൂപതാ വിശാസി സമൂഹം ഒരുമിക്കുന്ന ഏഴാമത് നാഷണൽ കണ്‍വൻഷനായി ഹൂസ്റ്റണ്‍ ഒരുങ്ങുന്നു. 2019 ഓഗസ്റ്റ് ഒന്നു മുതൽ നാല് വരെ നടക്കുന്ന നാഷണൽ കണ്‍വൻഷനു ആതിഥ്യമരുളുന്നത് ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് സീറോ മലബാർ ഫൊറോനയാണ്. ഹൂസ്റ്റണിലെ ഹിൽട്ടണ്‍ അമേരിക്കാസ് കണ്‍വൻഷൻ നഗർ വേദിക്കായി അണിഞ്ഞൊരുങ്ങും.

ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് കണ്‍വൻഷന്‍റെ രക്ഷാധികാരിയാണ്. സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് ജനറൽ കണ്‍വീനറായും ഫൊറോനാ വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ കോ-കണ്‍വീനറായും വിവിധ കമ്മിറ്റികൾക്കു രൂപം കൊടുത്തു പ്രാരംഭ പ്രവർത്തനങ്ങളാരംഭിച്ചു.

പൂർവികരാൽ അണയാതെ സൂക്ഷിച്ച സീറോ മലബാർ സഭയുടെ വിശ്വാസദീപ്തി കൂടുതൽ ജ്വലിപ്പിക്കുവാനും സഭാ പാരന്പര്യം തലമുറകളിലേക്ക് പകരുവാനും കണവൻഷനുപകരിക്കുമെന്നു മാർ ജേക്കബ് അങ്ങാടിയത്ത് പ്രത്യാശ പ്രകടിപ്പിച്ചു. കുട്ടികൾക്കും യുവജങ്ങൾക്കും മുതിർന്നവർക്കുമായി സെമിനാറുകൾ ഉൾപ്പെടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തിയാണ് കണ്‍വൻഷനായി ഹൂസ്റ്റണ്‍ ഒരുങ്ങുന്നതെന്നു ഫാ. കുര്യൻ നെടുവേലിചാലുങ്കൽ പറഞ്ഞു.

നോർത്ത് അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാല്പതോളം സീറോ മലബാർ ഇടവകകളിൽ നിന്നും നാല്പത്തിഅഞ്ചോളം മിഷനുകളിൽ നിന്നുമായി അയ്യായിരത്തിൽപരം വിശാസികൾ കണ്‍വൻഷനിൽ പങ്കെടുക്കും.

റിപ്പോർട്ട് : മാർട്ടിൻ വിലങ്ങോലിൽ