മാർത്തോമ്മ മെത്രാപ്പോലീത്ത സുവനീർ പ്രകാശനം ചെയ്തു
Wednesday, July 18, 2018 5:11 PM IST
ഹൂസ്റ്റൺ: യുണൈറ്റഡ് ക്രിസ്ത്യൻ മിനിസ്ട്രിയുടെയും ഇന്‍റർനാഷണൽ പ്രയർ ലൈനിന്‍റേയും നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച സുവനീർ മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധ്യക്ഷൻ ഡോ. ഐസക് മാർ ഫിലക്സിനോസിന് നൽകി പ്രകാശനം ചെയ്തു.

സാമൂഹ്യവും ക്രിസ്തീയപരവുമായ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി ടെക്സസിലെ ഹൂസ്റ്റൺ ആസ്ഥാനമായി 2003 മുതൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സംഘടനയാണ് യുണൈറ്റഡ് ക്രിസ്ത്യൻ മിനിസ്ട്രി. മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന മുൻ ട്രഷറാർ ആയ ടി. എ. മാത്യു (ഹൂസ്റ്റൺ) ആണു സംഘടനയുടെ ഫൗണ്ടർ പ്രസിഡന്‍റ്.

പ്രസ്തുത സംഘടനയുടെ കീഴിൽ എല്ലാ സഭാ വിഭാഗങ്ങളിൽപ്പെട്ടവർക്കും വിവിധ ആവശ്യങ്ങൾക്കായി ലോകത്തിന്റെ ഏതു കോണിൽ നിന്നും ഒന്നിച്ച് പ്രാർഥിക്കാനായി ഓൺലൈനിലൂടെ എല്ലാ ചൊവ്വാഴ്ചയും ന്യൂയോർക്ക് സമയം വൈകിട്ട് ഒൻപതിനാരംഭിക്കുന്ന ഒരു പ്രാർത്ഥനാ യജ്ഞമാണ് ഇന്റർനാഷണൽ പ്രയർ ലൈൻ യുഎസ്എയിലൂടെ കഴിഞ്ഞ 14 വർഷമായി നിർവഹിച്ചുകൊണ്ടിരിക്കുന്നത്. മാർത്തോമ്മ സഭാ താരകയുടെ മുൻ മാനേജിങ് കമ്മിറ്റി അംഗമായ സി.വി.സാമുവേൽ(ഡിട്രോയിറ്റ്) ആണ് ഇതിനു നേതൃത്വം നൽകുന്നത്. വിവിധ സഭകളിൽപ്പെട്ട ആത്മീയ നേതാക്കൾ ഇതിലൂടെ വചനദൂത് നൽകുന്നു.

പത്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്തായുടെ 101–ാം ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിലെ കറ്റാനം സെന്‍റ് തോമസ് മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് 101 പേർക്ക് തിമിര ശസ്ത്രക്രിയയും 101 പേർക്ക് കിഡ്നി ഡയാലിസിസും സൗജന്യമായി നടത്തി കൊടുത്തത് സംഘടനയുടെ സാമൂഹ്യ പ്രവർത്തനങ്ങളിൽ എടുത്തു പറയത്തക്കതാണ്.

ഹൂസ്റ്റണിലെ രാജ്യാന്തര എയർപോർട്ടിന് സമീപമുള്ള ഹോട്ടൽ ഹിൽട്ടണിൽ നടന്ന സുവനീർ പ്രകാശന ചടങ്ങിന് ടി. എ. മാത്യു, റെജി കുര്യൻ, വിൽസൺ, സാബു ടി. ചെറിയാൻ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട് : ഷാജി രാമപുരം