ഡാളസ് എപ്പിസ്കോപ്പാൽ ചർച്ചിൽ സ്വവർഗവിവാഹത്തിന് പച്ചക്കൊടി
Saturday, July 14, 2018 5:55 PM IST
ഓസ്റ്റിൻ (ടെക്സസ്): ഡാളസ് ഉൾപ്പെടെ എട്ട് എപ്പിസ്കോപ്പൽ ഡയോസിസുകളിൽ പ്രാദേശിക ബിഷപ്പിന്‍റെ എതിർപ്പിനെ പോലും മറികടന്ന് മാതൃ ഇടവകകളിൽ സ്വവർഗ വിവാഹം നടത്തുന്നതിന് അനുമതി നൽകി.

ജൂലൈ 13 ന് ഓസ്റ്റിനിൽ നടന്ന എപ്പിസ്കോപ്പൽ ചർച്ച് ലീഡേഴ്സിന്‍റെ വാർഷിക കണ്‍വൻഷനിലാണ് ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയത്.

ഡാളസ് ഉൾപ്പെടെ എട്ട് യുഎസ് ഡയോസിസുകളിൽ നേരത്തെ സ്വവർഗ വിവാഹത്തിന് അനുമതി നിഷേധിച്ചിരുന്നു. സ്വവർഗ വിവാഹത്തിനു അനുമതി വേണമെന്നാവശ്യപ്പെടുന്നവർക്ക് ലോക്കൽ പ്രീസ്റ്റുകൾ വിവാഹം നടത്തികൊടുക്കണമെന്നും ആവശ്യമെങ്കിൽ ഇതര ഡയോസീസ് ബിഷപ്പുമാരിൽ നിന്നും പാസ്റ്ററൽ സപ്പോർട്ട് ആവശ്യപ്പെടാവുന്നതാണെന്നും പ്രമേയത്തിൽ പറയുന്നു.

ന്യൂയോർക്കിൽ നിന്നുള്ള എപ്പിസ്കോപ്പൽ ബിഷപ്പാണ് ഇതു സംബന്ധിച്ചു പ്രമേയം തയാറാക്കി കണ്‍വൻഷനിൽ അവതരിപ്പിച്ചത്. അമേരിക്കയിലെ പ്രധാന ചർച്ചുകളിലൊന്നായ യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ച് നാലു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന കണ്‍വൻഷനിൽ 2016 ൽ ഈ വിഷയം അവതരിപ്പിച്ചത് കൂടുതൽ ചർച്ചകൾക്കായി 2020 ലേക്ക് മാറ്റിവച്ചിരിക്കയാണ്.

മറ്റൊരു പ്രധാന ചർച്ചയായ ബാപ്റ്റിസ്റ്റ് ചർച്ച് പുരുഷനും സ്ത്രീയും തമ്മിൽ മാത്രമേ വിവാഹമാകാവൂ എന്ന നിബന്ധന കർശനമായി പാലിക്കപ്പെടണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ