ഹൊന്പക്കൻ മേയർ രവി ബല്ലക്ക് സസ്പെൻഷൻ
Saturday, June 23, 2018 6:40 PM IST
ന്യൂജേഴ്സി: ഹൊന്പക്കൻ സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ വംശജനും ആദ്യ സിക്ക് സമുദായാംഗവുമായ രവി ബല്ലയെ ന്യൂജേഴ്സി സൂപ്രീം കോടതി മൂന്നു മാസത്തേയ്ക്ക് മേയർ പദവിയിൽനിന്നും സസ്പെൻഡ് ചെയ്തു.

2008-09 കാലയളവിൽ മുൻ ജഡ്ജിമാരുടെ റിട്ടയർമെന്‍റ് അക്കൗണ്ടിലേക്ക് 6000 ഡോളർ നിക്ഷേപം നടത്താൻ വീഴ്ച വരുത്തിയതായി അച്ചടക്ക സമിതി നേരത്തെ കണ്ടെത്തിയിരുന്നു.

മൂന്നിനെതിരെ നാലു വോട്ടുകൾക്കാണ് ബല്ലയെ സെൻഷർ ചെയ്യുന്നതിനും ലോ ലൈസൻസ് സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചത്. ഈ തീരുമാനം സൂപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.

ന്യൂജേഴ്സി സംസ്ഥാനത്തെ ഹൊന്പക്കൻ സിറ്റിയിൽ നിരവധി തവണ കൗണ്‍സിൽ മെംബറായിരുന്ന രവി ബല്ല, കഴിഞ്ഞ തവണ ആറു പേരടങ്ങുന്ന മേയർ സ്ഥാനാർഥികളിൽനിന്നും ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

സുപ്രീം കോടതി വിധി വന്നതിനുശേഷം അടിയന്തരമായി ചേർന്ന സിറ്റി കൗണ്‍സിൽ രവി ബല്ലയോട് ജോലിയിൽനിന്നും ലൊ ഫേമിൽനിന്നും ലഭിച്ച മുഴുവൻ വരുമാനവും വെളിപ്പെടുത്തണമെന്ന് രണ്ടിനെതിരെ ഏഴു വോട്ടുകൾക്ക് പ്രമേയം പാസാക്കി.

റിപ്പോർട്ട്: പി.പി. ചെറിയാൻ