ചെങ്ങന്നൂർ സർക്കാർ ആശുപത്രിയിൽ സൗജന്യ ഭക്ഷണം കൊടുത്ത് ജോൺ സി. വർഗീസ്
Wednesday, June 20, 2018 10:33 PM IST
ചെങ്ങന്നൂർ ∙ ചെങ്ങന്നൂർ ഗവൺമെന്റ് ആശുപത്രിയിലെ രോഗികൾക്കും കൂടെ നിൽക്കുന്നവർക്കുമായി ന്യൂയോർക്കിലെ സാമൂഹിക– സാംസ്കാരിക പ്രവർത്തകനും പ്രമുഖ സംഘാടകനുമായ ജോൺ സി. വർഗീസ് (സലിം) സാന്ത്വനം ഹെൽത്ത് കെയർ സെന്ററായി തുടങ്ങി വച്ച സൗജന്യ ഉച്ചഭക്ഷണ വിതരണം 15 വർഷമായി ഇന്നും മുടങ്ങാതെ എല്ലാ ദിവസവും തുടർന്നു വരുന്നു. ഇത് ഒരു അമേരിക്കൻ മലയാളിയുടെ നാടിനോടുള്ള പൊക്കിൾക്കൊടി ബന്ധത്തിന്റെ അടയാളമാണ്. ഓരോ ദിവസവും ഇവിടെയെത്തി ഭക്ഷണം കഴിക്കുന്നവർ തങ്ങളുടെ ബുദ്ധിമുട്ടുകളുടെ നടുക്കടലിൽ നിന്നും വിശപ്പകറ്റുന്ന ഈ അമേരിക്കൻ മലയാളിയെ നന്ദിയോടെ സ്മരിക്കുന്നു. അവരുടെ സ്മരണ ജോൺ സി. വർഗീസിന് കൂടുതൽ പ്രചോദനമാവുകയും ചെയ്യുന്നു.

വിശക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുക എന്നതിനപ്പുറം മറ്റൊരു പുണ്യ കർമവുമില്ല. ഇവിടെ ഒരു ദിവസം ഇരുന്നൂറോളം പേർക്ക് സൗജന്യമായി ഉച്ചഭക്ഷണം നൽകുന്നു. അതിന് നന്ദി പറയേണ്ടത് ജോൺ സി. വർഗീസിനോടാണ്. സാന്ത്വനം ഹെൽത്ത് കെയർ സെന്ററിന്റെ പ്രസിഡന്റും ചെങ്ങന്നൂർ നഗരസഭയുടെ മുൻ ചെയർമാനുമായ ടോം മരുക്കുംമൂട്ടിൽ പറഞ്ഞു.

ചെങ്ങന്നൂർ ഗവൺമെന്റ് ആശുപത്രിയുടെ മുൻവശത്തുള്ള കെട്ടിടത്തിലാണ് ജോൺ സി. വർഗീസ് മാതൃകാപരമായ ഈ ജീവകാരുണ്യ പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. നിർധന രോഗികൾക്കും അവരുടെ സഹായികളായി നിൽക്കുന്നവർക്കും ഈ സംരംഭം തീർച്ചയായും സാന്ത്വനം തന്നെയാണെന്ന് ആശുപത്രിയിലുള്ളവർ പറയുന്നു. ചോറും കറികളും വിളമ്പിക്കൊണ്ട് എല്ലാ ദിവസവും ടോം മുരുക്കുംമൂട്ടിൽ ഇവിടെയുണ്ടാവും. സലീം തുടക്കം കുറിച്ച ഈ പദ്ധതിക്ക് ചെങ്ങന്നൂർ അസോസിയേഷനും മറ്റു പല സംഘടനകളും സഹായം നൽകി. എന്നാലിപ്പോൾ സലീമിന്റെ സഹജീവിസ്നേഹത്തിന്റെ മനസാണ് ഈ പരിപാടി മുടക്കമില്ലാതെ തുടരുന്നതിൽ സഹായകരമാകുന്നതെന്ന് ടോം മുരുക്കുംമൂട്ടിൽ പറഞ്ഞു.

ചാരിറ്റി എന്നത് വ്യക്തികളുടെ സ്വഭാവത്തിൽ രൂപീകരിക്കുകയും ജീവിതത്തിൽ ഒരു നിയോഗമാക്കേണ്ടതുമായ മഹത്തായ സഹജീവി സ്നേഹത്തിന്റെ മുദ്രാവാക്യമാണ്.– ജോൺ സി. വർഗീസ് പറയുന്നു. അമേരിക്കൻ മലയാളികളുടെ കൂട്ടായ്മയുടെയും സംഘബോധത്തിന്റെയും വിളംബരമായ ഫോമായുടെ തുടക്കം മുതലുള്ള സജീവ പ്രവർത്തകനായ ജോൺ സി. വർഗീസ് സംഘടനയുടെ ഷിക്കാഗോ ഫാമിലി കൺവൻഷനോടനുബന്ധിച്ച് നടക്കുന്ന ഇലക്ഷനിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്.

ഫോമയുടെ മുൻ സെക്രട്ടറി (2008–10) സ്ഥാനത്തിരിക്കെ 2010 ലെ ലാസ് വേഗാസ് കൺവൻഷൻ വൻ വിജയമാക്കുന്നതിൽ സ്തുത്യർഹമായ പങ്കുവഹിച്ച സലീം പുതുമുഖങ്ങൾക്ക് അവസരമൊരുക്കുന്നതിനായി മത്സര രംഗത്തു നിന്നും മാറി നിൽക്കുകയായിരുന്നു ഇതുവരെ. എന്നാൽ ഫോമാ റീജിയനുകളുടെയും വിവിധ മലയാളി സംഘടനകളുടെയും താത്പര്യവും സമ്മർദവും മാനിച്ചാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജനവിധി തേടുന്നതെന്ന് ജോൺ സി. വർഗീസ് വെളിപ്പെടുത്തി. ഫോമയെന്ന ബൃഹത്തായ ഒരു ഫെഡറേഷന്റെ അമരത്തേയ്ക്ക് മത്സരിക്കുമ്പോൾ തന്റെ സുതാര്യമായ സംഘടനാ പ്രവർത്തന പാരമ്പര്യം പിൻബലമാകുമെന്ന് സലീമിന് ശുഭ പ്രതീക്ഷയുമുണ്ട്.

അടുത്ത കാലത്ത് എച്ച്ഡിഎഫ്സി ബാങ്കിൽ ലയിച്ച ലോഡ് കൃഷ്ണ ബാങ്കിൽ പത്തു വർഷക്കാലം ഉദ്യോഗസ്ഥനായിരുന്ന ജോൺ സി. വർഗീസ് 1987 ലാണ് അമേരിക്കയിലെത്തുന്നത്. അധികം താമസിയാതെ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷനിൽ ചേർന്നു. ഈ സംഘടനയുടെ സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് പദവികൾ വഹിച്ചു. ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി മെമ്പറും പലവട്ടം നാഷണൽ കൺവൻഷൻ ചെയർമാനുമായി തിളങ്ങി. പിന്നീട് ഫോമാ പിറന്നപ്പോൾ സംഘടനയുടെ തുടക്കം മുതലുള്ള സജീവ പ്രവർത്തകനായി. 2008 മുതൽ 2010 വരെ നാഷണൽ സെക്രട്ടറിയായി. ഇപ്പോൾ പ്രവാസി കേരളാ കോൺഗ്രസ് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ്, ചെങ്ങന്നൂർ അസോസിയേഷൻ പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ ട്രസ്റ്റിയും ഭദ്രാസന ഫാമിലി കോൺഗ്രസിന്റെ ട്രഷററുമായിരുന്നു.

ദയ ഒരാളുടെ ഹൃദയത്തിൽ നിന്നാണുണരുന്നത്. അവിടെ യുക്തിക്ക്, വാദ പ്രതിവാദങ്ങൾക്ക് ഒന്നും ഇടമില്ല. ഹൃദയം സ്നേഹാർദ്രമാകുമ്പോൾ മനസിൽ ദയയുണ്ടാവുന്നു. വേദനിക്കുന്ന ഒരാളുടെ നേരേ, വിശക്കുന്ന ഒരാളുടെ നേരേ, പരിഗണന, ശ്രദ്ധ പതിയുമ്പോൾ അവിടെ ദയ പ്രത്യക്ഷമാകുന്നു. ദയയ്ക്കു മുന്നിൽ ഭൗതിക ലോകത്തിന്റെ ലാഭത്തിന്റെ, അറിവിന്റെ കണക്കുകളെല്ലാം മറഞ്ഞില്ലാതാവുന്നു. മനസിന്റെ ദിവ്യമായ തലം അവിടെ പ്രത്യക്ഷമാകുന്നു.

ചെങ്ങന്നൂർ ഗവൺമെന്റ് ആശുപത്രിയിലെ സാന്ത്വനം ഹെൽത്ത് കെയർ സെന്ററിലെ ഉച്ച നേരങ്ങളിൽ നാം കാണുന്നത് ജോൺ സി. വർഗീസിന്റെ കാരുണ്യ മനസാണ്. സാമൂഹികവും സാംസ്കാരികവും സാമുദായികവുമായ സംഘടനാ തലങ്ങളിലൂടെ സ്ഫുടം ചെയ്തെടുത്ത വ്യക്തിത്വമായ ജോൺ സി. വർഗീസിന് വിശപ്പ് മറന്ന് ആദരമർപ്പിക്കുകയാണ് ആശുപത്രിയിലെ നിർധന രോഗികളും അവരുടെ സഹവാസികളും.