ഫോമ 2020 ന്യൂയോർക്ക് ടീം സ്വപ്ന പദ്ധതികൾ പ്രഖ്യാപിച്ചു
Wednesday, June 20, 2018 1:23 AM IST
ന്യൂയോർക്ക്: ഫോമ 2020 ന്യൂയോർക്ക് ടീം സ്വപ്ന പദ്ധതികൾ പ്രഖ്യാപിച്ചു

ഹൈസ്കൂൾ വിദ്യാർഥികൾക്ക് സ്കോളർഷിപ്

അമേരിക്കൻ മലയാളി കുടുംബങ്ങളിലെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന ഹൈസ്കൂൾ വിദ്യാർഥികളെ കണ്ടെത്തി റീജണ്‍ തലങ്ങളിൽ സ്കോളർഷിപ്പുകൾ നൽകാൻ എൻഡോവ്മെന്‍റ് ഫൗണ്ടേഷനുകൾ രൂപീകരിക്കും.

യൂത്ത് കണ്‍വൻഷൻ, യൂത്ത് ഫെസ്റ്റിവൽ, സ്പെല്ലിംഗ് ബീ മത്സരങ്ങളും കുട്ടികളുടെ കലാമേളയും

യുവജങ്ങൾക്കുവേണ്ടി യൂത്ത് കണ്‍വൻഷൻ സംഘടിപ്പിക്കും. എല്ലാ അംഗ സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് രാജ്യമാകമാനം യൂത്ത് ഫെസ്റ്റിവെലുകൾ നടത്തും. ന്യൂയോർക്ക് കണ്‍വൻഷനിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ വിജയികൾക്ക് സ്കോളർഷിപ് അടക്കമുള്ള സമ്മാനങ്ങൾ നൽകും. കുട്ടികളുടെ കലാ കായിക ബൗദ്ധിക രംഗത്തെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി സ്പെല്ലിംഗ് ബീ അടക്കമുള്ള മത്സരങ്ങൾ, കലാ കായിക മേളകൾ അംഗ സഘടനകളുടെ സഹകരണത്തോടുകൂടെ സംഘടിപ്പിക്കും. ഗ്രാൻഡ് ഫിനാലെ ന്യൂയോർക്ക് കണ്‍വൻഷനിൽ നടത്തും. വിജയികൾക്ക് സ്കോളർഷിപ്പ് അടക്കമുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.

2020 ക്രിക്കറ്റ് ആൻഡ് ബാസ്കറ്റ് ബോൾ ടൂർണമെന്‍റ്

രാജ്യമാകമാനം യുവാക്കൾക്കുവേണ്ടി ഇപ്പോൾ ഈ രംഗത്തുള്ള വിവിധ ക്ലബുകളുടെ സഹകരണത്തോടെ 2020 മാതൃകയിൽ ക്രിക്കറ്റ് , ബാസ്കറ്റ് ബോൾ ടൂർണമെന്‍റുകൾ സംഘടിപ്പിക്കും. ഫിനാലെ മത്സരങ്ങൾ ന്യൂയോർക്ക് കണ്‍വൻഷന്‍റെ ഭാഗമായി നടത്തും. വിജയികളെ കാത്തിരിക്കുന്നത് വൻ സമ്മാനങ്ങൾ.

വിമൻസ് ഫോറം

സുശക്തമായ വിമൻസ് ഫോറം സംഘടിപ്പിക്കും. നിലവിലുള്ള കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും കൂടി ഉപകരിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും ചാരിറ്റി പ്രവർത്തനങ്ങളും ശക്തമാക്കും. എല്ലാ രംഗങ്ങളിലും കമ്മിറ്റികളിലും വനിതാ പ്രാതിനിധ്യം വർധിപ്പിക്കും.

യുവാക്കൾക്ക് രാഷ്ട്രീയ പ്രവേശനം

മലയാളി യുവാക്കളെ അമേരിക്കൻ രാഷ്ട്രീയത്തിന്‍റെ മുഖ്യ ധാരയിലേക്ക് നയിക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങൾ ഏകീകരിക്കുവാൻ നേതൃത്വം നൽകും. ഇതിനുവേണ്ടി പരിശീലനക്കളരികൾ സംഘടിപ്പിക്കുകയും അമേരിക്കൻ രാഷ്ട്രീയത്തിൽ ഇപ്പോൾ മുൻനിരയിലുള്ള മലയാളി നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു വിദഗ്ധ സമിതി രൂപീകരിക്കുകയും ചെയ്യും.

റിട്ടയേർഡ് അമേരിക്കൻ മലയാളി ഫെഡറേഷൻ സംഘടിപ്പിക്കും

ഒൗദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന മലയാളികൾക്കുവേണ്ടി ഒരു പുതിയ കൂട്ടായ്മ സംഘടിപ്പിക്കും. ഇവിടെയും നാട്ടിലും വിശ്രമ ജീവിതം നയിക്കുവാനാഗ്രഹിക്കുന്ന അവരോടൊപ്പം നിലകൊണ്ടു കൊണ്ട് അവർക്കാവശ്യമായ പദ്ധതികൾ രൂപീകരിക്കുവാൻ സീനിയർ സിറ്റിസണ്‍സ് അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കും. അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കുവാൻ ബോധവത്കരണ സെമിനാറുകൾ എല്ലാ റീജണുകളിലും സംഘടിപ്പിക്കും. ഇതിനായി ആരോഗ്യ, നിയമ രംഗത്ത് പ്രവർത്തിക്കുന്ന മലയാളികൾ അടക്കമുള്ള വിദഗ്ധരുടെ ഒരു പാനൽ രൂപീകരിക്കും.

ചാരിറ്റി ഫണ്ട് ഫോർ ഇന്ത്യൻസ് ആൻഡ് അമേരിക്കൻസ്

അമേരിക്കയിലും കേരളത്തിലും സാന്പത്തക സഹായം ആവശ്യമുള്ള മലയാളികൾക്കുവേണ്ടി ഫോമാ ചാരിറ്റി ഫണ്ട് പദ്ധതി പ്രാബല്യത്തിൽ വരും. നിലവിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ തുടരുവാൻ ഇപ്പോഴുള്ള കമ്മിറ്റിയിലെ അടക്കം ഭാരവാഹികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പുതിയ കമ്മിറ്റി രൂപീകരിക്കും.

ഇന്ത്യൻ എംബസിയും കോണ്‍സുലേറ്റുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുവാൻ ഒരു വിദഗ്ധ സമിതി

വീസ, പാസ്പോർട്ട്, മറ്റ് അടിയന്തര പ്രശ്നങ്ങൾ, നാട്ടിലുള്ള വസ്തുവകകളുടെ സംരക്ഷണം തുടങ്ങിയ മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരുടെ ഒരു സമിതി രൂപീകരിക്കും. കേരള ഗവണ്‍മെന്‍റുമായി ചേർന്നുകൊണ്ട് പ്രോപ്പർട്ടി പ്രൊട്ടക്ഷൻ അടക്കമുള്ള പരാതികൾക്ക് സമയ ബന്ധിതമായി പരിഹാരം കണ്ടെത്തും. ഇതിനു വേണ്ടി റീജണ്‍ അടിസ്ഥാനത്തിൽ ടീമുകൾ രൂപീകരിക്കും.

സ്റ്റാർ നൈറ്റുകൾ

അംഗ സംഘടനകളുടെ പ്രവർത്തനങ്ങൾക്കു ഫണ്ട് സമാഹരിക്കുന്നതിന്‍റെ ഭാഗമായി സ്റ്റേജ് ഷോകൾ അടക്കമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും സംഘടനകളുടെ സഹകരണത്തോടുകൂടെ ഒരു കർമ പദ്ധതി നടപ്പിലാക്കും. ഇതിനായി ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സഹകരണം തേടും.

ബിസിനസ് നെറ്റ്വർക്ക്

രാജ്യമൊട്ടാകെയുള്ള മലയാളി വ്യവസായികളുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കും. നിലവിൽ ഈ രംഗത്തു പ്രവർത്തിക്കുന്ന പല സംഘടനകളുടെയും സഹകരണം ഇതിനു വേണ്ടി തേടും. ഈ രംഗത്തേക്ക് കടന്നു വരുവാൻ ആഗ്രഹിക്കുന്ന മലയാളികൾക്കുവേണ്ട സഹായങ്ങൾ ചെയ്യുവാൻ ശ്രമിക്കും. മലയാളികൾക്കുവേണ്ടി ജോബ് ഫെസ്റ്റ് അടക്കമുള്ള പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതിന് സഹകരണം തേടും.

ഡിന്നർ ക്രൂയിസ് നൈറ്റ് വിത്ത് സ്റ്റാർസ്

ലോക മലയാളികളുടെ സ്വപ്ന നഗരമായ ന്യൂയോർക്കിൽ നടത്തുന്ന 2020 കണ്‍വൻഷന്‍റെ ഭാഗമായി ഡിന്നർ ക്രൂയിസ് നൈറ്റ് വിത്ത് സ്റ്റാർസ്, ന്യൂ യോർക്ക് സിറ്റി ടൂർ ആൻഡ് ഫാമിലി വെക്കേഷൻ പാക്കേജുകൾ തുടങ്ങി നിരവധി എന്‍റർടൈൻമെന്‍റ് പാക്കേജുകൾ വളരെ കുറഞ്ഞ ചെലവിൽ ലഭ്യമാക്കും.

റിപ്പോർട്ട്: ഇടിക്കുള ജോസഫ്