അഡ്വ. ആർ. സനൽകുമാർ ഫോമാ സമ്മേളനത്തിലേക്ക്
Saturday, June 16, 2018 7:23 PM IST
ഷിക്കാഗോ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസിന്‍റെ ജൂണ്‍ 21 മുതൽ 24 വരെ ഷിക്കാഗോയിൽ നടക്കുന്ന സമ്മേളനത്തിൽ അഡ്വ. ആർ. സനൽകുമാർ പങ്കെടുക്കും.

വിദ്യാർഥി യുവജനപ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത് എത്തിയ സനൽകുമാർ നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗവും നീണ്ട 25 വർഷക്കാലമായി സഹകരണരംഗത്ത് സംസ്ഥാനത്തെ നിറസാന്നിധ്യവും 15 വർഷമായി ആർബിഐ നിയന്ത്രണത്തിലുള്ള തിരുവല്ല അർബൻ സഹകരണബാങ്ക് പ്രസിഡന്‍റും മുൻ പത്തനംതിട്ട ജില്ലാ സഹകരണബാങ്ക് പ്രസിഡന്‍റുമാണ്. പരുമല ദേവസ്വം ബോർഡ് കോളജ് യൂണിയൻ ചെയർമാൻ, മഹാത്മാഗാന്ധി സർവകലാശാലാ യൂണിയൻ സെക്രട്ടറി, സെനറ്റ് അംഗം, എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നീ സംഘടനകളുടെ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. റെഡ്ക്രോസ് സൊസൈറ്റി, ശിശുക്ഷേമ സമിതി, പി. കൃഷ്ണപിള്ള പാലിയേറ്റീവ് കെയർ തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയാണ് അഡ്വ. ആർ സനൽകുമാർ.

അധ്യാപികയും കഐസ്ടിഎ (കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) സംസ്ഥാന കമ്മിറ്റി അംഗവും പുതുശേരി അധ്യാപക ബാങ്ക് ഡയറക്ടറും പ്രമുഖ വനിതാ സാമൂഹിക പ്രവർത്തകയുമായ ഭാര്യ ബിന്ദു സനൽകുമാറും കണ്‍വൻഷനിൽ പങ്കെടുക്കും. ജൂണ്‍ 21 മുതൽ ജൂലൈ 22 വരെ അമേരിക്കയിലെ ഡാളസ്, ഹൂസ്റ്റണ്‍, ഫിലഡൽഫിയ, ന്യൂയോർക്ക് തുടങ്ങിയ വിവിധ മലയാളി കൂട്ടായ്മകളിലും സനൽകുമാർ പങ്കെടുക്കും.

റിപ്പോർട്ട്: ജോസ് കണിയാലി