ജന മനസുകൾ കീഴടക്കി ജി.എസ്. പ്രദീപ് മെൽബണിൽ
Tuesday, June 5, 2018 1:35 AM IST
മെൽബണ്‍: അറിവിന്‍റെ ഇന്ദ്രജാലത്തിനും പ്രസംഗകലയുടെ മാസ്മരികതയ്ക്കും മുന്പിൽ മെൽബണ്‍ മലയാളി സമൂഹം കഴിഞ്ഞ രാത്രിയിൽ ശിരസു കുനിച്ചു. നവോദയാ വിക്ടോറിയയുടെ ഉദ്ഘാടനവേദിയിൽ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് അവതരിപ്പിച്ച അശ്വമേധം പരിപാടിയായിരുന്നു രംഗം. സദസിൽ നിന്നും വേദിയിലേക്ക് വന്ന മുഴുവൻ മത്സരാർഥികളുടെയും മനസിലെ പേരുകൾ അനായാസം കണ്ടെത്തിയ ഗ്രാൻഡ്മാസ്റ്റർ അവസാനം തന്‍റെ മഹേന്ദ്രജാലം പുറത്തെടുത്തു. ഒരേസമയം മൂന്നു പേരോട് അശ്വമേധത്തിൽ ഏർപ്പെട്ട് തന്‍റെ ചിന്തയെ മൂന്നായി വിഭജിച്ച് മൂന്നു രഹസ്യ നാമങ്ങളും 10 ചോദ്യങ്ങൾക്കുള്ളിൽ അനാവരണം ചെയ്തപ്പോൾ സദസ് ഒന്നടങ്കം എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കി.

മെൽബണിലെ സ്റ്റേജ് ഷോകളിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ജനപ്രീതിയും ആവേശവും സൃഷ്ടിക്കാൻ ജി.എസ്. പ്രദീപിന്‍റെ സന്ദർശനത്തിനു കഴിഞ്ഞു. കൈരളി ടിവിക്കുവേണ്ടി സന്തോഷ് പാലിയുടെ നിയന്ത്രണത്തിൽ ചിത്രീകരണം നടത്തിയ പരിപാടിയുടെ ദൃശ്യാവിഷ്കരണം വരുന്ന ആഴ്ചകളിൽ പ്രേക്ഷകർക്ക് കാണാനാകും.

നേരത്തെ നടന്ന സാംസ്കാരിക സമ്മേളനം സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്തു. വർത്തമാനകാല ഭാരതത്തിലെ സാംസ്കാരിക രംഗത്തെ ഫാസിസത്തിന്‍റെ നിയന്ത്രണങ്ങൾക്കെതിരെ അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു.

യോഗത്തിൽ പ്രസിഡന്‍റ് എബി പൊയ്കാട്ടിൽ, സെക്രട്ടറി ബിനീഷ് കുമാർ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ദിലീപ് രാജേന്ദ്രൻ, ആർ. സജീവ്, പ്രോഗ്രാം കമ്മിറ്റി കോഓർഡിനേറ്റർ സുനു സൈമണ്‍ തുടങ്ങിയവർ സംബന്ധിച്ചു.