ഇസ്രോയ്ക്ക് ഇനി ഭെല്ലിന്‍റെ ഉപഗ്രഹം
Saturday, June 2, 2018 7:37 PM IST
ബംഗളൂരു: ഐഎസ്ആർഒയ്ക്ക് ഉപഗ്രഹം നിർമിച്ചുനല്കാൻ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ഭെൽ). ബംഗളൂരു ആസ്ഥാനമായ ആൽഫ ഡിസൈൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് പൊതുമേഖലാ സ്ഥാപനമായ ഭെൽ ഉപഗ്രഹങ്ങൾ നിർമിക്കുന്നത്. ഇതിനായി ദേവനഹള്ളിയിൽ 30 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സ്ഥലമേറ്റെടുത്തതിനു ശേഷം ആറുമാസത്തിനുള്ളിൽ എയറോസ്പേസ് പാർക്കിന്‍റെ നിർമാണം പൂർത്തിയാക്കുമെന്ന് ഭെൽ എംഡി എം.വി. ഗൗതമ അറിയിച്ചു. ഇവിടെ ഏവിയോണിക്സ് പ്രവർത്തനങ്ങളും നടക്കും.

നിലവിൽ ഐഎസ്ആർഒ ഉപഗ്രഹങ്ങൾക്കു വേണ്ടി സോളാർ പാനൽ, മൈക്രോവേവ് ഉപകരണങ്ങൾ തുടങ്ങിയവ ഭെൽ നിർ‌മിച്ചുനല്കുന്നുണ്ട്. കൂടാതെ സൈന്യത്തിനു വേണ്ടി ആകാശ് മിസൈലുകൾ, റഡാറുകൾ, വിവിധ ഉപകരണങ്ങൾ എന്നിവയും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും ഭെൽ നിർമിച്ചുനല്കുന്നു.