സംവിധായകന്‍ ജോയ് കെ. മാത്യുവിന് ക്യൂന്‍സ്‌ലാന്‍ഡ് സര്‍ക്കാരിന്‍റെ ആദരം
Tuesday, May 22, 2018 6:35 PM IST
ബ്രിസ്ബെയ്ന്‍: മലയാളി സംവിധായകന്‍ ജോയ് കെ. മാത്യുവിന് ക്യൂന്‍സ്‌ലാന്‍ഡ് സര്‍ക്കാരിന്‍റെയും ആര്‍എഡിഎഫിന്‍റെയും ബനാന ഷെയര്‍ കൗണ്‍സിലിന്‍റെയും ആദരം. സന്ദേശ ചലച്ചിത്ര നിര്‍മാണ രംഗത്ത് ശ്രദ്ധേയനായ ജോയിയുടെ പുതിയ ഇംഗ്ലീഷ് ചിത്രമായ ദ ഡിപ്പെന്‍ഡന്‍സിന്‍റെ മികവിനാണ് ആദരവ് നല്‍കിയത്. ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

സെന്‍ട്രല്‍ ക്യൂന്‍സ്‌ലാൻഡ് ബിലോയ്‌ലയില്‍ ബനാന ഷെയര്‍ കൗണ്‍സില്‍ മേയര്‍ നെവ് ജി. ഫെറിയറുടെ അധ്യക്ഷതയില്‍ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിലാണ് ജോയിക്ക് ഡെപ്യൂട്ടി മേയര്‍ വാറന്‍ മിഡില്‍ടണ്‍ പുരസ്‌കാരം നല്‍കിയത്. കൗണ്‍സിലര്‍ ഡേവിഡ് സ്നല്‍ ബനാന ഷെയര്‍ കൗണ്‍സില്‍ ടൈ അണിയിച്ചു.

യുവതലമുറയുടെ മനസില്‍ ചലനം സൃഷ്ടിക്കാന്‍ കഴിയുന്ന ഇത്തരം ചിത്രങ്ങളാണ് സമൂഹത്തിന് ആവശ്യമെന്ന് മേയര്‍ നെവ് ജി. ഫെറിയര്‍ പറഞ്ഞു. ഓസ്ട്രേലിയയില്‍ ചലച്ചിത്ര-കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാര്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്നും ഈ രംഗത്തേക്ക് കടന്നുവരാൻ കൂടുതൽ പേർക്ക് പ്രചോദനമാകട്ടെയെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ സംവിധായകൻ ജോയി പറഞ്ഞു.



ക്യൂന്‍സ്‌ലാന്‍ഡിലെ ബിലോയേല സിവിക് സെന്‍ററിൽ നടന്ന ചിത്രത്തിന്‍റെ പ്രഥമ പ്രദര്‍ശനം ക്യൂന്‍സ്‌ലാന്‍ഡ് പാർലമെന്‍റ് അംഗം കോളിന്‍ ബോയ്‌സാണ് ഉദ്ഘാടനം ചെയ്തത്. ബനാന ഷെയര്‍ മേയര്‍ നെവ് ജി. ഫെറിയര്‍, ഡെപ്യൂട്ടി മേയര്‍ വാറന്‍ മിഡില്‍ടണ്‍, ക്യൂന്‍സ്‌ലാന്‍ഡ് ചീഫ് പോലീസ് ഓഫീസര്‍ നിക്ക് പാറ്റണ്‍, കൗണ്‍സിലര്‍ ഡേവിഡ് സ്നല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ടി.ലാസര്‍ തുടങ്ങിയവർ സംസാരിച്ചു. ആഗ്നസ് ജോയ്, ഡാനിയേല്‍, ജൂലിയ, കമീല എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സിനിമയുടെ മുഴുവന്‍ അണിയറ പ്രവര്‍ത്തകരും ക്യൂന്‍സ്‌ലാന്‍ഡ് സര്‍ക്കാര്‍ പ്രതിനിധികളും പ്രഥമ പ്രദര്‍ശനത്തില്‍ സന്നിഹിതരായിരുന്നു. പ്രദര്‍ശനത്തോട് അനുബന്ധിച്ച് കലാ-സാംസ്‌കാരിക പരിപാടികളും അരങ്ങേറി. ഇല്‍ഡിക്കോ നേതൃത്വം നൽകിയ തുളിപ്യന്‍ അന്താരാഷ്ട്ര ഫോള്‍ക്ക് ഡാന്‍സും വര്‍ഗീസ് വടക്കന്‍, ജോബിഷ് ലൂക്ക്, സണ്ണി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിൽ റിഥം ഓഫ് കേരളയുടെ ചെണ്ടമേളവും അലയ്ക്കിയുടെ നേതൃത്വത്തിൽ ഔര്‍ ലേഡി സ്റ്റാര്‍ ഓഫ് ദ സീ ഉകുലേലയുടെ സംഗീതവും ചടങ്ങിന്‍റെ മാറ്റുകൂട്ടി.

ക്യൂന്‍സ്‌ലാന്‍ഡ് സര്‍ക്കാര്‍, ബനാന ഷെയര്‍ കൗണ്‍സില്‍, ആര്‍എഡിഎഫ് എന്നിവയുടെ സഹകരണത്തോടെയാണ് ദി ഡിപ്പന്‍ഡന്‍സ് എന്ന ചിത്രം നിര്‍മിച്ചത്. ആദ്യമായാണ് ഇന്ത്യന്‍ സംവിധായകൻ ഓസ്ട്രേലിയൻ സർക്കാരിന്‍റെ സഹകരണത്തിൽ ചിത്രം നിർമിക്കുന്നത്. ഇന്ത്യ, ഓസ്‌ട്രേലിയ, അമേരിക്ക, ഫിലിപ്പൈന്‍സ്, ബെല്‍ജിയം, ചൈന, മാള്‍ട്ട, പാക്കിസ്ഥാന്‍, വിയറ്റ്‌നാം, നെതര്‍ലാന്‍ഡ്, ഹംഗറി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരാണ് ചിത്രത്തിന്‍റെ പിന്നണിയിൽ പ്രവർത്തിച്ചത്.