ഷോക്കടിപ്പിച്ച് വൈദ്യുതിനിരക്ക് വർധന
Saturday, May 19, 2018 7:25 PM IST
ബംഗളൂരു: ജനങ്ങളുടെ ജീവിതച്ചിലവ് വർധിപ്പിച്ച് വൈദ്യുതി നിരക്ക് വർധന. ശരാശരി ആയിരം രൂപ വരുന്ന ബില്ലിൽ 80 രൂപ മുതൽ 100 രൂപ വരെയാണ് വർധനയുണ്ടാകുന്നത്. ഏപ്രിൽ ഒന്നു മുതലുള്ള മുൻകാല പ്രാബല്യത്തിലാണ് മേയ് 13ന് നിരക്ക് വർധന പ്രഖ്യാപിച്ചത്. ബംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോം ഒരു യൂണിറ്റിന് 82 പൈസയാണ് വർധിപ്പിച്ചത്. അതായത് 5.93 ശതമാനം വർധന. നഗരത്തിനു പുറത്തെ മറ്റ് വൈദ്യുതിവിതരണ കമ്പനികളിൽ 1.62 രൂപ വരെ വർധിപ്പിച്ചു.

സാധാരണയായി ഏപ്രിൽ ഒന്നു മുതലാണ് വൈദ്യുതി നിരക്ക് വർധന നിലവിൽ വന്നിരുന്നത്. എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് നിരക്ക് വർധന പ്രഖ്യാപനം നീട്ടിവയ്ക്കുകയായിരുന്നു. അടുത്ത ബില്ലിൽ തന്നെ ഉപയോക്താവ് വർധിപ്പിച്ച നിരക്ക് അടയ്ക്കേണ്ടിവരും. ആറു ശതമാനമാണ് സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ മൊത്തത്തിലുണ്ടായ വർധന.

ബംഗളൂരു മെട്രോ റെയിൽ കോർപറേഷന് യൂണിറ്റിന് ഒരു രൂപ നിരക്കിളവ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നല്കിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് യൂണിറ്റ് 4.85 രൂപയായി പരിമിതപ്പെടുത്തി. രാത്രി പത്തു മുതൽ രാവിലെ ആറു വരെ വൈദ്യുതി ഉപയോഗിക്കുന്ന വ്യവസായശാലകൾക്ക് നിരക്കിളവ് നല്കാനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.