വിദേശ മണ്ണില്‍ ചെണ്ട വാദ്യത്തില്‍ അരങ്ങേറ്റത്തിനൊരുങ്ങി "റിഥം ഓഫ് കേരള'
Saturday, April 28, 2018 4:06 PM IST
ബ്രിസ്ബെയ്ന്‍: വിദേശ മണ്ണില്‍ കേരളത്തിന്‍റെ തനത് വാദ്യോപകരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ ചെണ്ടയിൽ അരങ്ങേറ്റത്തിന് തയാറെടുക്കുകയാണ് ബ്രിസ്ബെയിനിലെ മലയാളി സംഘം. കേരളത്തിന്‍റെ ഉത്സവ വേദികളില്‍ ഒഴിച്ചു കൂടാനാകാത്ത വാദ്യോപകരണമായ ചെണ്ട പഠിക്കാനും വേദികളില്‍ അവതരിപ്പിക്കാനും ലക്ഷ്യമിട്ട് സണ്‍ ഷൈന്‍ കോസ്റ്റിലെ മലയാളി കൂട്ടായ്മ തുടക്കമിട്ട "റിഥം ഓഫ് കേരള' എന്ന ചെണ്ട വിദ്യാലയത്തിലെ ആദ്യ ബാച്ചാണ് അരങ്ങേറ്റത്തിന് തയാറെടുക്കുന്നത്.

കലാമണ്ഡലത്തില്‍ നിന്നും ചെണ്ടയില്‍ വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ തൃശൂര്‍ സ്വദേശി വര്‍ഗീസ് വടക്കന്‍റെ നേതൃത്വത്തിലാണ് മലയാളി സംഘം ചെണ്ട പഠിച്ചത്. വിദേശ മലയാളികളായ ജോബിഷ് ലൂക്കാ, നിഷാന്‍ തോമസ്, ശ്രീനി ശേഖര്‍, വിനു ജോസ്, ബോബി കോര, മോന്‍സി മാത്യു, സിജി യോഹന്നാന്‍, സണ്ണി ജോര്‍ജ്, തോംസണ്‍ സ്റ്റീഫന്‍, ആല്‍ഡ്രിന്‍ ആന്‍റണി, എബി ജോസഫ്, ഷിജു മാത്യു, ടോം ജോസഫ്, ഷെറിന്‍ പോള്‍, ലെവിന്‍ ജോബി, അനൂപ് കുമാർ, സാജന്‍മോന്‍ ടി.പി, തിയോ തോംസണ്‍, ടിജോ തോംസണ്‍, എറിക് സണ്ണി, എയ്ഡൻ ജോബിഷ്, എയ്ഡൻ മോന്‍സി, കെന്നസ് ബോബി, ജൊഹാന്‍ സിജി എന്നിവരാണ് മേയ് അഞ്ചിന് അരങ്ങേറ്റത്തിന് തയാറെടുക്കുന്ന കലാകാരന്മാര്‍.

മേയ് അഞ്ചിന് വൈകിട്ട് ആറിന് സണ്‍ഷൈന്‍ കോസ്റ്റ് യൂണിറ്റി കോളജിലാണ് ചടങ്ങ്. ചെണ്ടയെ മറ്റു രാജ്യക്കാര്‍ക്കിടയില്‍ പരിചയപ്പെടുത്താനും വിദേശികള്‍ക്കും സ്വദേശികള്‍ക്കും പരിശീലനം നല്‍കാനും ഇതിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനും ലക്ഷ്യമിട്ടാണ് റിഥം ഓഫ് കേരളക്ക് രൂപം കൊടുത്തതെന്ന് ടീം ക്യാപ്റ്റന്‍ ജോബിഷ് ലൂക്കാ പറഞ്ഞു.

അരങ്ങേറ്റത്തിന് ശേഷം റിഥം ഓഫ് കേരളയിലെ ചെണ്ട വാദ്യ കലാകാരന്മാര്‍ക്ക് ആദ്യ വേദിയൊരുക്കുന്നത് മലയാളി സംവിധായകനായ ജോയ് കെ. മാത്യുവാണ്. മേയ് പതിനൊന്നിന് സെൻട്രൽ ക്യാൻസ്‌ലാൻഡിലെ ബിലോയേല സിവിക് സെന്‍ററില്‍ നടക്കുന്ന "ദി ഡിപ്പെന്‍ഡന്‍സ്' എന്ന ഇംഗ്ലീഷ് ചിത്രത്തിന്‍റെ പ്രഥമ പ്രദര്‍ശന വേദിയിലാണ് ചെണ്ട വാദ്യ കലാകാരന്മാരുടെ അവതരണം. ദി ഡിപ്പെൻഡൻസ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോയ് കെ. മാത്യുവാണ്.

ക്യൂൻസ്‌ലാൻഡിലെ സര്‍ക്കാര്‍ പ്രതിനിധികളും സിനിമയുടെ മുഴുവന്‍ അണിയറ പ്രവര്‍ത്തകരും പങ്കെടുക്കുന്ന സദസിന് മുമ്പില്‍ കേരളത്തിന്‍റെ ചെണ്ട വാദ്യം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചതിന്‍റെ ആവേശത്തിലാണ് റിഥം ഓഫ് കേരളയിലെ കലാകാരന്മാര്‍.