ബാംഗളൂർ സർവകലാശാലയിൽ നിന്ന് കടത്തിയത് 33 ചന്ദനമരങ്ങൾ
Wednesday, April 25, 2018 2:18 AM IST
ബംഗളൂരു: മികച്ച സുരക്ഷാക്രമീകരണങ്ങളുണ്ടെന്ന് അവകാശപ്പെടുമ്പോഴും ബാംഗളൂർ സർവകലാശാലയിൽ നിന്ന് ചന്ദനമരങ്ങൾ വ്യാപകമായി വെട്ടിക്കടത്തുന്നതായി പരാതി. ഏപ്രിൽ 13നും 17നുമിടെ ജ്ഞാനഭാരതി കാമ്പസിൽ നിന്ന് 33 ചന്ദനമരങ്ങൾ മോഷണം പോയതായാണ് റിപ്പോർട്ട്. വൈസ് ചാൻസലറുടെ വസതിക്കു സമീപമുണ്ടായിരുന്ന മരങ്ങളാണ് കടത്തിയത്. മോഷണം സംബന്ധിച്ച് പോലീസിൽ പരാതി നല്കിയതായി സർവകലാശാലാ അധികൃതർ‌ അറിയിച്ചു. എന്നാൽ സംഭവം അറിയില്ലെന്നും ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചന്ദനക്കടത്ത് സർവകലാശാലയ്ക്ക് തീരാക്കളങ്കമാണെന്ന് കാമ്പസിലെ ബയോപാർക്ക് കോ-ഓർഡിനേറ്റർ ടി.ജെ. രേണുക പ്രസാദ് പറഞ്ഞു. ഫോറസ്റ്റ് ക്രൈം സെല്ലിൽ വിവരം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകൾ അനുസരിച്ച് കഴിഞ്ഞ വർഷം മാത്രം കാമ്പസിൽ നിന്ന് 36 ചന്ദനമരങ്ങളാണ് മോഷണംപോയത്. കാമ്പസിൽ ചന്ദനക്കടത്ത് പതിവായതിനെത്തുടർന്ന് കഴിഞ്ഞ വർഷം സർവകലാശാലയിൽ 20,000 രൂപ മുടക്കി മൂന്ന് തോക്കുകൾ എത്തിച്ചിരുന്നു. എന്നാൽ തോക്കുധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരെ ബയോപാർക്കിന്‍റെ പരിസരത്തു പോലും കണ്ടിട്ടില്ലെന്നാണ് അധ്യാപകരും വിദ്യാർഥികളും പറയുന്നത്.

ബയോപാർക്കിന്‍റെ കവാടത്തിൽ സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഈ കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൃത്യമായി പരിശോധിക്കുന്നില്ലെന്നാണ് പരാതി. ആ‍യിരം ഏക്കറോളം വരുന്ന കാമ്പസിൽ രാത്രിയിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തത് മോഷണസംഭവങ്ങൾ വർധിക്കാൻ കാരണമായിട്ടുണ്ട്.