ഫേഷ്യൽ റെക്കഗ്നീഷന് അനുമതി തേടി ഫെയ്സ്ബുക്ക്
Saturday, April 21, 2018 8:10 PM IST
ബ്രസൽസ്: ഫേഷ്യൽ റെക്കഗ്നീഷൻ സംവിധാനത്ത് ഫെയ്സ്ബുക്ക് യൂറോപ്പിലെയും കാനഡയിലെയും ഉപയോക്താക്കളിൽനിന്ന് അനുമതി തേടിത്തുടങ്ങി. ഫോട്ടോകളിലും വീഡിയോകളിലും ഉപയോക്താക്കളുടെ മുഖം സ്വയം തിരിച്ചറിഞ്ഞ് ടാഗ് ചെയ്യുന്ന സന്പ്രദാമാണിത്.

കാനഡയ്ക്കു പുറത്ത് 2011ൽ തന്നെ ഈ രീതി ആരംഭിച്ചിരുന്നുവെങ്കിലും തൊട്ടടുത്ത വർഷം തന്നെ യൂറോപ്യൻ യൂണിയനിൽ ഇതു പിൻവലിച്ചിരുന്നു. റെഗുലേറ്റർമാരും സ്വകാര്യതാവാദികളും പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലായിരുന്നു പിൻവലിക്കൽ.

നിലവിൽ പുതിയ വിവര സ്വകാര്യതാ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ നിരവധി ഓപ്റ്റ് ഇൻ പെർമിഷനുകളുടെ കൂട്ടത്തിലാണ് ഫേഷ്യൽ റെക്കഗ്നീഷനും അനുമതി തേടുന്നത്.

എന്നാൽ, ഇതിനെതിരേ ഒരിക്കൽക്കൂടി ശക്തമായ പ്രതിഷേധം ഉയർന്നു തുടങ്ങിയിരിക്കുന്നു. ശതകോടിക്കണക്കിന് ഫോട്ടോകളിൽ ബയോമെട്രിക് ഐഡന്‍റിഫിക്കേഷൻ ഉപയോഗിക്കുന്നത് സ്വകാര്യതയുടെ ഗുരുതരമായ ലംഘനമാണെന്നാണ് വിമർശകർ നിരത്തുന്ന ന്യായം. ആളുകളെ നിരീക്ഷിക്കാനുള്ള ശേഷിയല്ല, നിയമത്തെ അനുസരിക്കാനുള്ള സന്നദ്ധതയാണ് ഫെയ്സ്ബുക്ക് ഇപ്പോൾ തെളിയിക്കേണ്ടതെന്നും അവർ പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ