വൈ ഫൈ ഉപയോഗത്തിൽ റിക്കാർഡ് കുറിച്ചു എമിറേറ്റ്സ് യാത്രക്കാർ
Saturday, April 21, 2018 6:34 PM IST
ഫ്രാങ്ക്ഫർട്ട്: ഈ വർഷം മാർച്ചിൽ 10 ലക്ഷത്തിലധികം എമിരേറ്റ്സ് യാത്രക്കാർ ഓണ്‍ ബോർഡ് വൈഫൈ ഉപയോഗപ്പെടുത്തി ലോക റിക്കാർഡ് കുറിച്ചു. 1,037,016 എമിരേറ്റ്സ് യാത്രക്കാരാണ് വിമാനത്തിൽ വൈഫൈ ഉപയോഗപ്പെടുത്തിയത്. 94 ശതമാനം യാത്രക്കാരും സ്മാർട്ട് ഫോണ്‍ മുഖേനെയാണ് പ്രധാനമായും വൈഫൈ ഉപയോഗപ്പെടുത്തിയത്. രണ്ടു ശതമാനം യാത്രക്കാർ ടാബ്ലറ്റുകൾ ഉപയോഗിക്കുന്പോൾ മറ്റുള്ളവർ ലാപ്ടോപ്പുകളും മറ്റു ഉപകരണങ്ങളും മുഖേന വൈ ഫൈ ഉപയോഗിക്കുന്നു.

എമിരേറ്റ്സിന്‍റെ എ 380, 777300 ഇആർ, 777200 എൽആർ എന്നിവയുൾപ്പെടെ 98 ശതമാനത്തിലധികം വിമാനങ്ങളിലും വൈഫൈ കണക്ടിവിറ്റി ലഭ്യമാണ്. എല്ലാ കാബിൻ ക്ലാസുകളിലെ യാത്രക്കാർക്കും 20 എംബി സൗജന്യ വൈഫൈ ഡാറ്റ എമിരേറ്റ്സ് നൽകുന്നു. എമിരേറ്റസിന്‍റെ സ്കൈവാർഡ് അംഗങ്ങളായ യാത്രക്കാർക്ക് അവർ യാത്ര ചെയ്യുന്ന ക്ലാസുകൾ, മെംന്പർഷിപ് കാറ്റഗറി എന്നിവയനുസരിച്ചു പ്രത്യേക വൈഫൈ ആനുകൂല്യങ്ങളും ലഭ്യമാണ്. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് എന്നിവയിൽ യാത്രചെയ്യുന്ന എമിരേറ്റ്സ് സ്കൈ വാർഡ് അംഗങ്ങൾക്ക് സൗജന്യ വൈ ഫൈ സൗകര്യങ്ങളും കന്പനി ഒരുക്കിയിട്ടുണ്ട്.

നൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മികച്ച ബാൻഡ് വിഡ്ത്തിൽ വൈഫൈ കണക്റ്റിവിറ്റി നൽകുവാൻ എമിരേറ്റ്സ് ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. 2008 ൽ ആദ്യമായി വിമാനത്തിൽ മൊബൈൽ ഫോണിനു അനുമതി നൽകിയതും എമിരേറ്റ്സ് എയർലൈൻസ് ആണ്. 1992 ൽ എല്ലാ വിമാനങ്ങളുടെയും ഓരോ സീറ്റുകളുടെ പിന്നിലും ആദ്യമായി ടെലിവിഷൻ സ്ക്രീനുകൾ അവതരിപ്പിച്ചതും എമിരേറ്റ്സ് ആണ്. വിനോദത്തിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 3500 ചാനലുകളും 700 ൽ പരം സിനിമകളും എമിരേറ്റ്സ് വിമാനങ്ങളിൽ ആസ്വദിക്കാം.

റിപ്പോർട്ട്: ജോർജ് ജോണ്‍