വിടവാങ്ങിയ മാർ വിരുത്തകുളങ്ങര പതാവ് "സൗമ്യതയുടെ ആൾരൂപം'
Thursday, April 19, 2018 11:16 PM IST
കൊളോണ്‍: "ചെറിയ ബിഷപ്പ്' എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന കാലം ചെയ്ത മാർ എബ്രഹാം വിരുത്തകുളങ്ങര പിതാവിന്‍റെ സൗഹൃദവലയം ലോകമെന്പാടും നിറഞ്ഞുനിൽക്കുന്നു.

1977 മുതൽ ബിഷപ്പ് ആയിരുന്നപ്പോഴും 1998ൽ ആർച്ച് ബിഷപ്പായി സ്ഥാനക്കയറ്റം കിട്ടിയപ്പോഴും പിതാവ് എളിമയുടെ പര്യായമായി മാറുകയായിരുന്നു. വത്തിക്കാനിൽ ഒൗദ്യോഗിക ആവശ്യങ്ങൾക്കായി വരുന്പോഴൊക്കെ ജർമനിയിൽ എത്തുന്ന പിതാവിനെ അറിയാത്തവരും പരിചയപ്പെടാത്തവരും ചുരുക്കമാണ്. പിതാവിന്‍റെ ഇളയ സഹോദരിയും കൊളോണിലെ റോണ്‍ഡോർഫിൽ താമസിയ്ക്കുന്ന പാനാലിയ്ക്കൽ തോമസിന്‍റെ ഭാര്യയുമായ എൽസമ്മ പാനാലിയ്ക്കലിനെ കാണാൻ എത്തുന്നതിലൂടെയാണ് പിതാവ് ജർമൻ മലയാളികൾക്ക് സുപരിചിതനായതും വലിയൊരു സുഹൃത്വലയം ഉണ്ടായതും.

ഗോത്രവർഗക്കാർ തിങ്ങിപ്പാർക്കുന്ന മധ്യപ്രദേശിലെ കാണ്ഡവാ രൂപതയിൽ മുപ്പത്തിനാലാം വയസിൽ മെത്രാനായി സ്ഥാനമേറ്റ പിതാവ് സൗമ്യതയുടെ ആൾരൂപവും സ്നേഹത്തിന്‍റെ വക്താവുമായിരുന്നു. അതുകൊണ്ടുതന്നെ ഇൻഡ്യയിലെ ഗോത്രവർഗക്കാരുടെ സ്വന്തം ഇടയനായി മാറിയതും അവരെ മുഖ്യധാരയിലേയ്ക്ക് ഉർത്തിക്കൊണ്ടുവരാനും പിതാവു കാണിച്ച നിശ്ചയദാർഢ്യവും സഹിഷ്ണതയും എക്കാലവും ഓർമ്മിയ്ക്കപ്പെടും.

പിതാവിന്‍റെ പ്രഥമ രൂപതയായി ലഭിച്ച കാണ്ഡവാ രൂപതായിലെ പ്രവർത്തനം നേരിട്ടറിയാൻ അവസരം ലഭിച്ച വിശുദ്ധ മദർ തെരസായുടെ വാക്കുകളിലൂടെ ലോകം അതു തിരിച്ചറിയുകയും ചെയ്തു. പിതാവിന്‍റെ പ്രവൃത്തിയിലെ തീക്ഷ്ണതയും സമർപ്പണ ചൈതന്യവും ഏറെ ആകർഷിച്ച, ലോകം മാറോടു ചേർത്ത മദർ തെരേസ തന്നെ പിതാവിനെ നേരിട്ട് മുക്തകണ്ഠം പ്രശംസിച്ചത് പിതാവിനു ലഭിയ്ക്കുന്ന ലോക പുരസ്കാരങ്ങളിൽ ഒന്നായിരുന്നു. യുവജന അൽമായ സംഘടനയായ ജീസസ് യൂത്തിന്‍റെ അന്താരാഷ്ട്ര ഉപദേഷ്ടാവായ മാർ വിരുത്തകുളങ്ങര വത്തിക്കാനിൽ എത്തുന്പോഴൊക്കെ ആത്മീയ പിതാവ് ഫ്രാൻസിസ് മാർപാപ്പായെ സന്ദർശിയ്ക്കുമായിരുന്നു.

നാഗ്പൂർ ആർച്ച് ബിഷപ്പും മഹാരാഷ്ട്ര റീജണൽ ബിഷപ്സ് കോണ്‍ഫറൻസ് പ്രസിഡന്‍റുമായ് ഡോ.എബ്രഹാം വിരുത്തകുളങ്ങര(74) ഹൃദയാഘാതത്തെ തുടർന്നു ഇന്ന് പുലർച്ചെ ഡൽഹിയിൽ സിബിസിഐ സെന്‍ററിൽ വച്ചാണ് കാലം ചെയ്തത്. ഡൽഹിയിൽ ബിഷപ്പുമാരുടെ യോഗത്തിൽ പങ്കെടുത്ത ശേഷം വ്യാഴാഴ്ച പുലർച്ചെ 5.10ന് നാഗ്പൂരിലേക്ക് മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്.

കോട്ടയം അതിരൂപതയിലെ കടുത്തുരുത്തി കല്ലറ പുത്തൻപള്ളി ഇടവകാംഗവും വിരുത്തകുളങ്ങര ലൂക്കോസ് ത്രേസ്യാമ്മ ദന്പതികളുടെ ഒൻപതു മക്കളിൽ നാലാമനായി 1943 ജൂണ് അഞ്ചിനായിരുന്നു ജനനം. 1969 ഒക്ടോബർ 28 നു മാർ കുര്യാക്കോസ് കുന്നശേരിയിൽ നിന്നു വൈദികപട്ടം സ്വീകരിച്ച് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ ദേവാലയത്തിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു. 1977 ജൂലൈ 13 ന് മെത്രാഭിഷേകം ലഭിച്ച് 34ാം വയസിൽ ഖാണ്ട്വ രൂപതയുടെ അധ്യക്ഷനായ ശേഷം 1998 ഏപ്രിൽ 22 നാണ് മാർ ഏബ്രാഹം വിരുത്തകുളങ്ങര നാഗ്പ്പൂർ ആർച്ച് ബിഷപ്പായി നിയമിതനായത്. 1986 ൽ ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻമാരുടെ സമിതി രൂപീകൃതമായശേഷമുള്ള നൂറാമത്തെ മെത്രനായിരുന്നു മാർ ഏബ്രാഹം വിരുത്തകുളങ്ങര. യുവജന അത്മായ സംഘടനയായ ജീസസ് യൂത്തിന്‍റെ അന്തരാഷ്ട്ര ഉപദേഷ്ടാവുമായിരുന്നു. കബറടക്കം ഏപ്രിൽ 23 ന് ഉച്ചകഴിഞ്ഞ് 3.30 ന് നാഗ്പൂരിൽ നടക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ