കിഴക്കൻ യൂറോപ്പിൽനിന്നു ജർമനിയിലേക്കുള്ള കുടിയേറ്റം കുതിച്ചുയരുന്നു
Saturday, April 14, 2018 1:03 AM IST
ബർലിൻ: ജർമനിയിൽ ഇപ്പോൾ താമസിക്കുന്ന വിദേശികളുടെ എണ്ണം 10.6 മില്യണ്‍. അഭയാർഥി പ്രവാഹമല്ല, കിഴക്കൻ യൂറോപ്പിൽ നിന്നുള്ള സാന്പത്തിക കുടിയേറ്റമാണ് ഇപ്പോഴത്തെ വർധനയ്ക്കു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

രാജ്യത്തെ ആകെ ജനസംഖ്യയിൽ വിദേശികളുടെ ഭാഗം കഴിഞ്ഞ വർഷം 5.8 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2016 ലേതിനെ അപേക്ഷിച്ച് 5,85,000 വിദേശികൾ കഴിഞ്ഞ വർഷം കൂടുതലായി രാജ്യത്തെത്തി.

അതേസമയം, യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള കുടിയേറ്റത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. സിറിയ, ഇറാക്ക്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരുടെയെല്ലാം എണ്ണത്തിൽ കുറവാണുള്ളത്.

ജർമനിയിലെ മൊത്തം ജനസംഖ്യ 8.2 മില്യനാണ്. ആഗോള ജനസംഖ്യയുടെ 1.7 ശതമാനമാണ് ജർമനിയിലുള്ളത്. ജർമനിയുടെ റാങ്കിംഗ് പതിനേഴാം സ്ഥാനത്താണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ