കാൻബറ സെന്‍റ് അൽഫോൻസ പള്ളിയിലെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്കാരം ഭക്തിസാന്ദ്രമായി
Thursday, April 12, 2018 3:03 PM IST
കാൻബറ: ക്രിസ്തുവിന്‍റെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്കാരം ഭക്തിസാന്ദ്രമായി. കാൻബറ സെന്‍റ്് അൽഫോൻസ സീറോ മലബാർ ഇടവകയിലാണ് കുരിശിന്‍റെ വഴിയുടെ നേർക്കാഴ്ച അരങ്ങേറിയത്. പീലാത്തോസിന്‍റെ കൊട്ടാരത്തിൽ യേശുവിനെ കുരിശു മരണത്തിനു വിധിക്കുന്നത് മുതൽ ഗാഗുൽത്താമലയിൽ മരണം വരിച്ചു കല്ലറയിൽ സംസ്കരിക്കപ്പെടുന്നതു വരെയുള്ള പതിനാലു സ്ഥലങ്ങളുടെയും നേർക്കാഴ്ച വിശ്വാസി സമൂഹത്തിനു ക്രിസ്തുവിന്‍റെ പീഢാസഹനങ്ങളുടെ തീവ്രത പകർന്നു നൽകി.

സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് അംഗങ്ങളാണ് പീഡാനുഭവ ചരിത്രഅവതരണം നടത്തിയത്. ഇടവക വികാരി ഫാ. മാത്യു കുന്നപ്പിള്ളിയുടെ പ്രത്യേക താത്പര്യപ്രകാരം യുവജനങ്ങൾ അവതരിപ്പിച്ച പരിപാടി സംവിധാനം ചെയ്തത് ആനിമേറ്റർ വിൽസണ്‍ ചക്കാലയാണ്. ജസ്റ്റിൻ. സി. ടോം കോഓർഡിനേറ്റർ ആയും പ്രവർത്തിച്ചു.

ഓകോണർ സെന്‍റ് ജോസഫ് പള്ളിയിൽ നടന്ന കുരിശിന്‍റെ വഴിയിലും പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്കാരത്തിലും, തിരുക്കർമങ്ങളിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു. മലയാളികൾക്കൊപ്പം തദ്ദേശീയരും ദൃശ്യാവിഷ്കാരം കാണുവാൻ എത്തിയിരുന്നു. പീഡാനുഭവ തിരുക്കർമങ്ങൾ നടന്നു. തിരുക്കർമ്മങ്ങൾക്ക് മെൽബണ്‍ രൂപത മെത്രാൻ മാർ ബോസ്കോ പുത്തൂർ പ്രധാന കാർമികത്വം വഹിച്ചു. വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ,ഫാ. ബിജു (ബാംഗ്ലൂർ ), ഫാ. പ്രവീണ്‍ അരഞ്ഞാണിഓലിക്കൽ എന്നിവർ സഹകാർമികത്വം വഹിച്ചു.

റിപ്പോർട്ട്: ജോമി പുലവേലിൽ