കോഴി ക്ഷാമം: ലണ്ടനിൽ കെഎഫ്സികൾ പൂട്ടുന്നു
Wednesday, February 21, 2018 1:04 AM IST
ലണ്ടൻ: ബ്രിട്ടനിലെ പ്രധാനപ്പെട്ട ഫാസ്റ്റ് ഫുഡ് ശൃംഖലയായ കഎഫ്സിയുടെ പ്രവർത്തനം നിലയ്ക്കുന്നു. കോഴിയിറച്ചിക്കു നേരിടുന്ന കടുത്ത ക്ഷാമമാണ് കാരണം. പ്രതിസന്ധിയെ തുടർന്നു കെഎഫ്സിയുടെ വിതരണ സംവിധാനവും താറുമാറായി.

ഇംഗ്ലണ്ടിൽ ഉടനീളം ഏകദേശം 900 കെഎഫ്സി റസ്റ്ററന്‍റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 300 എണ്ണം മാത്രമാണ് കഴിഞ്ഞ വാരാന്ത്യത്തിൽ തുറന്നു പ്രവർത്തിച്ചത്. തുറന്നു പ്രവർത്തിച്ചവയാകട്ടെ മെനു വെട്ടിക്കുറയ്ക്കുകയും ചെയ്തു.

ചിക്കൻ വിതരണം ചെയ്യുന്ന പുതിയ വിതരണ പങ്കാളികളായ ഡിഎച്ച്എല്ലുമായി ചില പ്രശ്നങ്ങളുണ്ടായെന്നും അതാണ് പ്രതിസന്ധിയിലേക്ക് നയിച്ചതെന്നും കെഎഫ്സി വ്യക്തമാക്കി.

ഒൗട്ട്ലറ്റുകൾ പ്രവർത്തനം നിർത്തിയതോടെ ജീവനക്കാരോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് ആരെയും നിർബന്ധിക്കുന്നില്ല. ജീവനക്കാർക്ക് ശന്പളവും കൃത്യമായി നൽകുമെന്നാണ് കെഎഫ്സിയുടെ വിശദീകരണം.

ഉപഭോക്താക്കളെ നിരാശരാക്കേണ്ടി വന്നതിൽ കെഎഫ്സി തങ്ങളുടെ വെബ്സൈറ്റിലൂടെ മാപ്പു പറഞ്ഞു. കെഎഫ്സി ചിക്കൻ ഒഴിച്ചുകൂടാനാകാത്തവർക്ക് കെഎഫ്സി വെബ്സൈറ്റ് സന്ദർശിച്ച് അടുത്തുള്ള പ്രവർത്തനസജ്ജമായ ഒൗട്ട്ലറ്റ് കണ്ടെത്താനും സൗകര്യം ഏർപ്പെടുത്തി. അടുത്ത വാരാന്ത്യത്തോടെയെങ്കിലും പ്രതിസന്ധി പരിഹരിച്ച് ഒൗട്ട്ലറ്റുകൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎഫ്സി അധികൃതർ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ