ജർമനിയിൽ കമിതാക്കളെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Wednesday, February 21, 2018 1:00 AM IST
ബർലിൻ: ജർമനിയിലെ കൊടും തണുപ്പിനിടെ കാറിനുള്ളിൽ കമിതാക്കളെ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തി. ജർമനിയിലെ ബോട്രൂപ്പ് നഗരത്തിലാണ് സംഭവം.

39 കാരനായ പുരുഷനെയും 44 കാരിയായ സ്ത്രീയെയുമാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗാരേജിൽ കിടന്ന കാറിനുള്ളിൽ കയറിയ കമിതാക്കൾ ഗാരേജിന്‍റെ ഷട്ടർ അടച്ച ശേഷം തണുപ്പിൽ നിന്നും രക്ഷപെടാൻ കാറിന്‍റെ എൻജിൻ സ്റ്റാർട്ടാക്കിയപ്പോൾ എൻജിൻ ബഹിർഗമിച്ച പുകയിൽ അകപ്പെട്ടാണ് ഇരുവരും മരണപ്പെട്ടതെന്നാണ് പോലീസ് നിഗമനം. സംഭവം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

മരിച്ചവരുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയെതുടർന്നു പോലീസ് നടത്തി അന്വേഷണത്തിനൊടുവിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കാർബണ്‍ ഡയോക്സൈഡ് ശ്വസിച്ചാണ് ഇരുവരുടെയും മരണമെന്നു സ്ഥിരീകരിച്ചതായി റെക്ളിംഗ്ഹൗസൻ പോലീസ് വക്താവ് വെളിപ്പെടുത്തി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ