അബോർഷന്‍റെ പരസ്യം വേണ്ട: അന്നിഗ്രെറ്റ് ക്രാംപ്
Tuesday, February 20, 2018 10:10 PM IST
ബർലിൻ: സാർലാൻഡ് മുഖ്യമന്ത്രിയും സിഡിയുവിന്‍റെ നിയുക്ത ജനറൽ സെക്രട്ടറിയുമായ അന്നിഗ്രെറ്റ് ക്രാംപ് കാരൻബോയർ ഗർഭഛിദ്രത്തിനെതിരെ കടുത്ത നിലപാടെടുത്ത നേതാവാണ്. ജർമനിയിൽ അബോർഷൻ വിരുദ്ധ നിയമങ്ങൾ മറ്റു ചില യാഥാസ്ഥിതിക രാജ്യങ്ങളിലെയത്ര കടുപ്പമുള്ളതല്ലെങ്കിലും അബോർഷൻ ക്ലിനിക്കുകളുടെ പരസ്യവും മറ്റും നൽകുന്നത് അനുവദിക്കാൻ പാടില്ലെന്ന നിലപാടാണ് അന്നിഗ്രെറ്റ് ഇപ്പോൾ ശക്തമായി സ്വീകരിച്ചിരിക്കുന്നത്.

നിലവിൽ അബോർഷന്‍റെ പരസ്യം ജർമനിയിൽ നിരോധിച്ചിരിക്കുകയാണ്. ഈ നിരോധനം നീക്കുന്നതു സംബന്ധിച്ച സജീവ ആലോചനകൾ തുടരുന്പോഴാണ് അന്നിഗ്രെറ്റ് തന്‍റെ നിലപാട് ആവർത്തിച്ചു വ്യക്തമാക്കുന്നത്.

ഗർഭം ധരിച്ചശേഷം സ്വീകരിക്കുന്ന ഗർഭനിരോധന മാർഗമായി അബോർഷനെ കാണാൻ കഴിയില്ലെന്നും അതു കൊലപാതകം തന്നെയാണെന്നുമാണ് ഈ ക്രൈസ്തവ നേതാവിന്‍റെ വാദം. കഴിഞ്ഞ നാളുകളിൽ അവർ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പായെ സന്ദർശിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ