"ദ ഡിപ്പെന്‍ഡന്‍സ്' സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു
Tuesday, February 20, 2018 5:59 PM IST
ബ്രിസ്‌ബെയ്ന്‍: ക്യൂന്‍സ്‌ലാന്‍ഡ് സര്‍ക്കാരിന്‍റെ സഹകരണത്തോടെ മലയാളി സംവിധായകനായ ജോയ് കെ. മാത്യു നിര്‍മിക്കുന്ന സന്ദേശ ചലച്ചിത്രമായ "ദ ഡിപ്പെന്‍ഡന്‍സി'ന്‍റെ സ്വിച്ച് ഓണ്‍ കര്‍മം നടന്നു. ക്യൂന്‍സ്‌ലാന്‍ഡ് ബനാന ഷെയര്‍ മേയര്‍ നെവ് ജി ഫെറിയറാണ് ചിത്രത്തിന്‍റെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചത്. ചടങ്ങില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ടി.ലാസര്‍ ചിത്രത്തിന്‍റെ പോസ്റ്റര്‍ മേയറിന് നല്‍കി പ്രകാശനം ചെയ്തു.

ക്യൂന്‍സ്‌ലാന്‍ഡ് സര്‍ക്കാരിനെ കൂടാതെ ആര്‍.എ.ഡി.എഫിന്‍റെയും ബനാനാ ഷെയര്‍ കൗണ്‍സിലിന്‍റെയും സഹകരണത്തോടെയാണ് ചിത്രം നിര്‍മിക്കുന്നത്. നടനും എഴുത്തുകാരനും കൂടിയായ ജോയ് കെ. മാത്യുവിന്‍റെ സന്ദേശ ചലച്ചിത്ര നിര്‍മാണ കമ്പനിയായ വേള്‍ഡ് മദര്‍ വിഷന്‍റെയും കംഗാരു വിഷന്‍റെയും ബാനറിലാണ് ഇംഗ്ലീഷ് ചിത്രമായ ദി ഡിപ്പന്‍ഡന്‍സ് പുറത്തിറങ്ങുന്നത്.

ജോയ് കെ. മാത്യു കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, അമേരിക്ക, ഫിലിപ്പൈന്‍സ്, ബെല്‍ജിയം, ചൈന, മാള്‍ട്ട, വിയറ്റ്‌നാം, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളിലെ സിനിമാ മേഖലയിലെ സാങ്കേതിക വിദഗ്ധരും അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരുമാണുള്ളത്. തിങ്കളാഴ്ച മുതല്‍ ക്യൂന്‍സ്‌ലാന്‍ഡിന്‍റെ വിവിധ പ്രദേശങ്ങളിലായി തുടങ്ങിയ ചിത്രീകരണം പുരോഗമിക്കുകയാണ്.