ബ്രിസ്ക ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിൽ ഡോ. സുബു സിദ്ധാർഥ് സഖ്യം ജേതാക്കൾ
Tuesday, February 20, 2018 12:34 AM IST
ബ്രിസ്റ്റോൾ: ബ്രിസ്ക ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിൽ ഡോ. സുബു സിദ്ധാർഥ് സഖ്യം ജേതാക്കളായി. ബ്രാഡ്ലിസ്റ്റോക്ക് ലെഷർ സെന്‍ററിൽ 20 ഓളം ടീമുകൾ തങ്ങളുടെ പോരാട്ടവീര്യം കാഴ്ചവച്ചപ്പോൾ ബ്രിസ്റ്റോൾ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്കയുടെ ഓൾ യുകെ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിൽ ആവേശോജ്ജ്വലമായ പോരാട്ടത്തിലൂടെ ഫൈനലിലേക്ക് കുതിച്ചെത്തിയ അച്ഛന്‍റെയും മകന്‍റെയും കൂട്ടുകെട്ടാണ് ചരിത്രം കുറിച്ചുകൊണ്ട് കിരീടനേട്ടത്തിൽ കലാശിച്ചത്.

സൗത്ത് മീഡ് ഹോസ്പിറ്റൽ അനസ്തേഷ്യസ്റ്റായ ഡോ. സുബുവും മകൻ സിദ്ധാർഥും ചേർന്ന സഖ്യം ഫൈനലിൽ മാത്യു ജോസ് - ഇന്ദ്രജിത്ത് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.

ബ്രിസ്ക ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിൽ ആദ്യമായി യൂത്ത് കാറ്റഗറി കൂടി ഉൾപ്പെടുത്തിയാണ് ടൂർണമെന്‍റ് സംഘടിപ്പിച്ചത്. ആഷ്ലി ജെയിംസ്, മാത്യു മാനുവൽ സഖ്യമാണ് ഈ കാറ്റഗറിയിൽ വിജയികളായത്. വിവിയൻ ജോണ്‍സണ്‍, ജെറോ മാത്യു സഖ്യം റണ്ണർഅപ്പായി. യൂത്ത് ടീമുകളുടെ പങ്കാളിത്തത്തിനും കളിമികവിനും പ്രോത്സാഹനം നൽകാൻ ഏർപ്പെടുത്തിയ സ്പെഷൽ എൻകറേജിംഗ് അവാർഡുകൾക്ക് നോയൽ ഷാജി- നെവിൽ ഷാജി, തേജൽ സെബാറ്റ്യൻ - ദർശൻ സെബാസ്റ്റ്യൻ, ജോവാൻ മനോഷ് - ജോഷ് മാത്യു, ഡേവിഡ് സെബാസ്റ്റ്യൻ - ബെൻ റെജി സഖ്യങ്ങൾ അർഹരായി.

വിജയികൾക്കുള്ള എവർ റോളിംഗ് ട്രോഫികൾ ബ്രിസ്ക പ്രസിഡന്‍റ് മാനുവൽ മാത്യു സമ്മാനിച്ചു. ടൂർണമെന്‍റിന്‍റെ വിജയകരമായ നടത്തിപ്പിന് ബ്രിസ്ക സ്പോർട്സ് സെക്രട്ടറി സുബിൻ സിറിയക്ക്, ബിജു എബ്രഹാം, ബിജു പപ്പാരിൽ, ജോജി മാത്യൂ , ജസ്റ്റിൻ മഞ്ഞളി, ജോസ് തോമസ് , ഷാജി സ്കറിയ, സന്തോഷ് പുത്തേറ്റ്, ജയിംസ് ജേക്കബ് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ജെഗി ജോസഫ്