കൊളോണ്‍ കേരള സമാജം ജൂബിലി ലോട്ടറി കിക്കോഫ് ചെയ്തു
Saturday, February 17, 2018 10:26 PM IST
കൊളോണ്‍: കൊളോണ്‍ മലയാളി സമൂഹത്തിന്‍റെ ഹൃദയത്തുടിപ്പായി മാറിയ കൊളോണ്‍ കേരള സമാജം, മുപ്പത്തിയഞ്ചാമത് ജൂബിലിയോഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന ജൂബിലി ലോട്ടറിയുടെ കിക്കോഫ് കൊളോണിൽ നടന്നു. സമാജത്തിന്‍റെ കുടുംബ സംഗമത്തോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടിയിൽ സമാജം ജനറൽ സെക്രട്ടറി ഡേവീസ് വടക്കുംചേരിയിൽ നിന്നും സ്പെയിനിൽ ഉപരിപഠനം നടത്തുന്ന വിൻസെൻഷ്യൻ സഭാംഗമായ റവ.ഡോ. ജോർജ് ആയല്ലൂർ ടിക്കറ്റ് ഏറ്റുവാങ്ങി വില്പനയുടെ ഉദ്ഘാടനം നിർവഹിച്ചു.

ടിക്കറ്റ് വില ഒരു യൂറോയാണ്. ആകർഷകങ്ങളായ പത്തു സമ്മാനങ്ങളോടുകൂടിയ ലോട്ടറിയുടെ ഒന്നാം സമ്മാനം ഇന്ത്യയ്ക്കുള്ള ടു ആൻഡ് ഫ്രോ എയർ ടിക്കറ്റ് വുപ്പർത്താലിലെ ലോട്ടസ് ട്രാവൽസാണ് (സണ്ണി കോട്ടയ്ക്കമണ്ണിൽ) സ്പോണ്‍സർ ചെയ്തിരിക്കുന്നത്. ഈ വർഷം ഓഗസ്റ്റ് 15 ന് വൈകുന്നേരം 4.30 ന് കൊളോണ്‍ വെസ്ലിങിലെ സെന്‍റ് ഗെർമാനൂസ് ദേവാലയ പാരീഷ് ഹാളിൽ നടക്കുന്ന സമാജത്തിന്‍റെ ഓണാഘോഷ വേളയിൽ ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു.

ട്രഷറർ ഷീബ കല്ലറയ്ക്കൽ, കൾച്ചറൽ സെക്രട്ടറി ജോസ് കുന്പിളുവേലിൽ, വൈസ്പ്രസിഡന്‍റ് സെബാസ്റ്റ്യൻ കോയിക്കര, ജോയിന്‍റ് സെക്രട്ടറി ജോസ് നെടുങ്ങാട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ