ലോകത്തെ കരുത്തുറ്റ പാസ്പോർട്ട് ജർമനിയുടേത്; ഇന്ത്യ എണ്‍പത്തിയാറാമത്
Saturday, February 17, 2018 10:23 PM IST
ബർലിൻ: ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ട് ജർമനിക്ക് സ്വന്തം. ജർമൻ പാസ്പോർട്ടുമായി വീസയില്ലാതെ 177 രാജ്യങ്ങൾ സന്ദർശിക്കാം. രണ്ടാം സ്ഥാനം സിംഗപ്പൂരും സ്വിറ്റ്സർലന്‍റും പങ്കിട്ടു. 176 രാജ്യങ്ങൾ വീസയില്ലാതെ സന്ദർശിക്കാൻ സിംഗപ്പൂർ, സ്വിറ്റ്സർലന്‍റ് എന്നീ രാജ്യങ്ങളുടെ പാസ്പോർട്ട്ധാരികൾക്ക് കഴിയും.

മൂന്നാം സ്ഥാനം ഡെൻമാർക്ക്, ഫിൻലാന്‍റ്, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, നോർവേ, സ്വീഡൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ പങ്കിട്ടു. ഈ രാജ്യങ്ങളിലെ പാസ്പോർട്ട് ഉപയോഗിച്ച് വീസയില്ലാതെ 175 രാജ്യങ്ങൾ സന്ദർശിക്കാം.

നാലാം സ്ഥാനത്തുള്ള ഓസ്ട്രിയ, ബെൽജിയം, ലക്സംബർഗ്, നെതർലാന്‍റ്സ്, സ്പെയിൻ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലെ പാസ്പോർട്ടുകാർക്ക് 174 രാജ്യങ്ങൾ വീസയില്ലാതെ സന്ദർശിക്കാം.

അഞ്ചാം സ്ഥാനം(173 രാജ്യങ്ങൾ) അയർലണ്ട്, പോർച്ചുഗൽ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങൾ പങ്കിട്ടപ്പോൾ, ആറാം സ്ഥാനം(172 രാജ്യങ്ങൾ) കാനഡയ്ക്കും ഏഴാം സ്ഥാനം(171 രാജ്യങ്ങൾ) ഓസ്ട്രേലിയ, ഗ്രീസ്, ന്യൂസിലാന്‍റ് എന്നീ രാജ്യങ്ങളാണ് നേടിയത്.

എട്ടാമത് (170 രാജ്യങ്ങൾ) ചെക്ക് റിപ്പബ്ളിക്, ഐസ്ലാന്‍റ് എന്നിവയും ഒൻപതാമത് (169 രാജ്യങ്ങൾ) മാൾട്ടയും പത്താമത് (168 രാജ്യങ്ങൾ ) ഹംഗറിയും നിൽക്കുന്നു.

എണ്‍പത്തിയാറാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 49 രാജ്യങ്ങൾ മാത്രമാണ് വിസയില്ലാതെ യാത്രചെയ്യാൻ സാധിയ്ക്കുന്നത്. ഇന്ത്യയ്ക്കൊപ്പം പട്ടികയിൽ കംബോഡിയയും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ളിക്കും സ്ഥാനം പിടിച്ചിട്ടുണ്ട്

75ാം സ്ഥാനത്തു നിൽക്കുന്ന ചൈനയുടെ പാസ്പോർട്ടുപയോഗിച്ച് 60 രാജ്യങ്ങളിലാണ് വീസയില്ലാതെ സഞ്ചരിക്കാൻ സാധിക്കുന്നത്. ശ്രീലങ്ക 93ാം സ്ഥാനത്തും (41 രാജ്യങ്ങൾ), പാക്കിസ്ഥാൻ 101 ാം സ്ഥാനത്തുമുണ്ട്. 30 രാജ്യങ്ങളാണ് പാക്കിസ്ഥാൻ പൗര·ാർക്ക് വീസയില്ലാതെ സഞ്ചരിക്കാൻ കഴിയുന്നത്.

ലണ്ടൻ ആസ്ഥാനമാക്കിയുള്ള ഹെൻലി ആൻഡ് പാർട്ട്നേഴ്സ് ആണ് പാസ്പോർട്ട് റാങ്കിംഗ് തയാറാക്കിയത്. പോയ വർഷവും ജർമനിക്കായിരുന്നു ഒന്നാം സ്ഥാനം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ