സിസ്റ്റർ സ്റ്റേറ്റ് പദ്ധതി: മാത്യു ഗൈ എംപി ഇന്ത്യൻ പ്രതിനിധികളുമായി ചർച്ച നടത്തി
Saturday, January 27, 2018 5:09 PM IST
വിക്ടോറിയ: സിസ്റ്റർ സ്റ്റേറ്റ് എന്ന ആശയത്തെപ്പറ്റി അഭിപ്രായ സമന്വയ മുണ്ടാക്കാൻ വിക്ടോറിയൻ പ്രതിപക്ഷ നേതാവ് മാത്യു ഗൈ എംപി ഇന്ത്യൻ പ്രതിനിധികളുമായി ചർച്ച നടത്തി.

തങ്ങൾ അധികാരത്തിൽ വന്നാൽ ഇന്ത്യയുമായി ചേർന്നു സിസ്റ്റർ സ്റ്റേറ്റ് എന്ന ആശയം നടപ്പാക്കുമെന്നും ഇന്ത്യൻ കമ്യൂണിറ്റി സെന്‍ററിനുവേണ്ടി പ്രത്യേകം ഭൂമിയും കെട്ടിടവും അനുവദിക്കാനുള്ള നടപടികൾ നടപ്പിൽ വരുത്തുമെന്നും മാത്യു ഗൈ പറഞ്ഞു.

വിക്ടോറിയയിലെ പ്രധാന ഇന്ത്യൻ സമൂഹം മലയാളികൾ ആയതുകൊണ്ടു കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് സിസ്റ്റർ സ്റ്റേറ്റ് പദ്ധതിയിൽ പങ്കാളികളാവുന്നതിന് സാധ്യതയുണ്ട്.

ചെറിയ കുറ്റകൃത്യങ്ങളെ അവഗണിക്കുന്ന പോലീസ് നടപടിയേയും അത് ചെറുകിട കുറ്റവാളികൾക്ക് നൽകുന്ന ചെറുതല്ലാത്ത പ്രോത്സാഹനത്തെപ്പറ്റിയും ഇന്ത്യക്കാർക്ക് സ്വർണം കൈവശം വയ്ക്കുന്ന ശീലം വ്യാപകമായതുകൊണ്ട് ഇന്ത്യൻ സമൂഹം കവർച്ചക്കാരുടെ കേന്ദ്രമായി മാറുന്നതിനെപ്പറ്റിയുമുള്ള ആശങ്കയും ചർച്ചയിൽ കേരളത്തിന്‍റെ പ്രതിനിധി ഉന്നയിച്ചു.

മലയാളികളുടെ ആശങ്ക പങ്കുവച്ച മാത്യു ഗൈ, സീറോ ടോളറൻസ് ആശയം വിക്ടോറിയയിൽ നടപ്പിൽ വരുത്തേണ്ടതിന്‍റെ പ്രാധാന്യത്തെപ്പറ്റി പറഞ്ഞു.

ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് നീരജ് നന്ദ, അരുണ്‍ പാലക്കലോടി, വാസൻ ശ്രീനിവാസൻ, മോട്ടി വിസ, വിരോഷ് പെരേര, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

റിപ്പോർട്ട്: അരുണ്‍ മാത്യു