ദൈവ സ്നേഹത്താൽ മനുഷ്യ ഹൃദയങ്ങളെ കീഴടക്കിയ കർമ്മ യോഗിയായിരുന്നു ഗീവർഗീസ് മാർ ദിവന്നാസിയോസ്
Saturday, January 20, 2018 5:54 PM IST
സൂറിച്ച്: തികഞ്ഞ കലാസ്നേഹിയും നല്ല സംഗീതഞ്ജനും അതിലുപരി ശരിയായ കലാകാരനും സർവോപരി ദൈവ സ്നേഹത്താൽ മനുഷ്യ ഹൃദയങ്ങളെ കീഴടക്കിയ കർമ്മ യോഗിയുമായിരുന്നു കാലം ചെയ്ത ഗീവർഗീസ് മാർ ദിവന്നാസിയോസ് എന്ന് അദ്ദേഹത്തിന്‍റെ നല്ല സ്മരണകളെ അനുസ്മരിച്ചുകൊണ്ട് സ്വിറ്റ്സർലൻഡിലെ കൂർ രൂപത ചാപ്ലിൻ ഫാ.ഡെന്നി കിഴക്കരകാട്ട് പറഞ്ഞു.

തന്‍റെ ജീവിത ചര്യയിലൂടെ ആരാധനയിലൂടെയും നിരവധി വ്യക്തികളെ (യൂറോപ്യരെയടക്കം) ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അദ്ദേഹത്തിന്‍റെ ക്രൈസ്തവ വിശ്വാസം തന്നെയായിരുന്നു ജീവിതവും.

നീണ്ട ജീവിതം നയിക്കുക എന്നതിനേക്കാൾ പ്രധാനം, തങ്ങളുടെ ജീവിതത്തിലൂടെ മറ്റുള്ളവർക്ക് അനുഗ്രഹമേകുന്ന ധന്യമായ ഹ്രസ്വ ജീവിതം നയിക്കുന്നതാണെന്ന് അദ്ദേഹം എന്നും ഓർമിപ്പിക്കുമായിരുന്നു, ബത്തേരിക്കാരുടെ പ്രിയപ്പെട്ട തിരുമേനി എല്ലാ അർഥത്തിലും അമൂല്യ വ്യക്തിത്വത്തിനുടമയും പ്രാർഥനാ നിർഭരമായ ജീവിത ശൈലിയുടെ നിറകുടവുമായിരുന്നു.

ബത്തേരിയുടെയും പിന്നീട് പുത്തൂർ രൂപതയുടെയും മെത്രാപ്പോലീത്ത ആയിരുന്ന മാർ ദിവന്നാസിയോസുമായി അടുത്ത വ്യക്തിബന്ധം പുലർത്തുവാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നായി കരുതുന്നതായി ഫാ. ഡെന്നി കിഴക്കരക്കാട്ട് പറഞ്ഞു.

മെത്രാപ്പോലീത്തയുമായി ഒരിക്കലെങ്കിലും സംസാരിക്കേണ്ടി വന്ന ഏതൊരു വ്യക്തിക്കും അദ്ദേഹത്തിന്‍റെ പ്രവർത്തനത്തിലേയും വാക്കിലുമുള്ള ദൈവിക സ്നേഹം അനുഭവിക്കുവാൻ സാധിച്ചിരിക്കും.

ജർമനിയിലെയും സ്വിറ്റ്സർലൻഡിലെയും രൂപതകളിലെ സന്ദർശനങ്ങളിലൂടെ ഏറെ സ്നേഹിതരെയും അനുയായികളെയും നേടുവാൻ ദിവന്നാസിയോസിന് കഴിഞ്ഞിട്ടുണ്ട്.

വയനാട് കിഴക്കരക്കാട്ട് കുടുംബാംഗമായ ഫാ. ഡെന്നി കിഴക്കരക്കാട്ട് സ്വിറ്റ്സർലൻഡിലെ കൂർ രൂപതയിലെ എഗ് സെന്‍റ് ആന്‍റണീസ് ദേവാലയത്തിലെ വികാരിയായി സേവനമനുഷ്ടിച്ചുവരുന്നു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ