ഫ്രീഡറിക്കെ കൊടുങ്കാറ്റിലുലഞ്ഞ് ജർമനി
Friday, January 19, 2018 1:01 AM IST
ബർലിൻ: ശൈത്യത്തിന്‍റെ മൂർധന്യം ഏറും മുന്പേ ജർമനിയെ പിടിച്ചുലച്ച് ഫ്രീഡറിക്കെ കൊടുങ്കാറ്റ് രാജ്യമെന്പാടും വീശിയടിക്കുന്നത് ഭീതിയുളവാക്കുന്നു. പ്രത്യേകിച്ചും മദ്ധ്യജർമനിയിൽ മണിക്കൂറിൽ 100 മുതൽ 160 കിലോ മീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്.

നോർത്ത് റൈൻ വെസ്റ്റ്ഫാളിയ, ഹെസ്സൻ, തൂറിംഗൻ, ലോവർ സാക്സണ്‍, സാക്സണ്‍ അൻഹാൾട്ട്, നീഡർസാക്സണ്‍, ബ്രാൻഡൻബുർഗ്, റൈൻലാന്‍റ് ഫാൽസ് എന്നീ സംസ്ഥാനങ്ങളിലാണ് കൊടുങ്കാറ്റ് സംഹാരമാടുന്നത്.

കൊടുങ്കാറ്റു ഭീതിയിൽ സ്കൂളുകൾക്ക് പ്രദേശികമായി അവധി നൽകിയിട്ടുണ്ട്. ഒരു ഉത്തരവുണ്ടാകുന്നതുവരെ റെയിൽ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. കെളോണ്‍ - ഫ്രാങ്ക്ഫർട്ട് റൂട്ടിൽ അതിവേഗ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ചിലയിടങ്ങളിൽ മിക്ക ട്രെയിൻ സർവീസുകളും വെട്ടികുറച്ചിട്ടുണ്ട്. ശക്തമായ കാറ്റിനെതുടർന്നു ഹൈവേകളിൽ വാഹനങ്ങൾ പറന്നുപോയതായും റിപ്പോർട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ചേദിച്ചത് ലക്ഷക്കണക്കിന് ആളുകൾ ദുരിതപ്പെട്ടു. ഹൈവേ 59 ലെ ഒരു പാലം തകർന്നു. നോർത്ത് റൈൻ വെസ്റ്റ്ഫാളിയയിലെ ഹൈവേകളിലെ യാത്രയ്ക്കു ഭാഗിക നിരോധനം ഏർപ്പെടുത്തി. മ്യൂണിക്ക്, ബർലിൻ, ഡ്യൂസൽഡോർഫ്, ഹാംബുർഗ്, കൊളോണ്‍ എന്നിവിടങ്ങളിൽനിന്നുള്ള വിമാന സർവീസുകളെയും കൊടുങ്കാറ്റ് ബാധിച്ചു. ഇതുവരെ ആർക്കും ജീവഹാനി സംഭവിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

കഴിവതും വീടിനുള്ളിൽ തന്നെ കഴിയാൻ സർക്കാർ മുന്നറിയിപ്പിലൂടെ ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. അന്തരീക്ഷ താപനില ഏഴു ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വാരാന്ത്യം വരെ കൊടുങ്കാറ്റ് തുടരുമെന്നും എന്നാൽ ശക്തി കുറയുമെന്നും കാലാവസ്ഥ വിഭാഗത്തിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ