മുന്നണി ധാരണ: ജർമനിയിൽ വൻ നികുതിയിളവ്
Friday, January 19, 2018 1:00 AM IST
ബർലിൻ: ജർമനിയിൽ സിഡിയുവും എസ്പിഡിയും ചേർന്നു സർക്കാർ രൂപീകരിക്കാൻ എത്തിച്ചേർന്ന ധാരണയനുസരിച്ച് മധ്യവർഗ വിഭാഗങ്ങൾക്ക് നികുതി ഇളവുകൾ ലഭിക്കും. ഇതുപ്രകാരം നാല്പതിനായിരം യൂറോ പ്രതിവർഷ വരുമാനമുള്ളയാൾ അടയ്ക്കേണ്ട നികുതിയിൽ അറുനൂറ് യൂറോയുടെ കുറവാണ് വരുന്നത്. എന്നാൽ 2021 ഓടെ മാത്രമേ ഇളവുകൾ പൂർണമായും പ്രാബല്യത്തിലാകൂ.

കുടുംബ സാഹചര്യങ്ങൾ അനുസരിച്ച് പല തരത്തിലാണ് ഇളവുകൾ ലഭ്യമാകുക. കുട്ടികളുള്ളതും ഒരാൾക്കു മാത്രം വരുമാനമുള്ളതുമായ, നാല്പതിനായിരം യൂറോ പ്രതിവർഷ വരുമാനമുള്ള കുടുംബത്തിന് 860 യൂറോ വരെ നികുതിയിനത്തിൽ ലാഭിക്കാം.

സോളിഡാരിറ്റി ടാക്സ് എടുത്തു കളയുന്നത്, കുറഞ്ഞ വരുമാനക്കാരായ അവിവാഹിതരായ, കുട്ടികളില്ലാത്തവർക്കാണ് ഗുണകരമാകുക.

അതേസമയം 54,000 യൂറോയ്ക്കു മുകളിൽ വരുമാനമുള്ളവർക്ക് പുതിയ ഇളവുകളൊന്നും ബാധകമാകില്ല.

ലോകത്തിൽ വരുമാനയിനത്തിൽ ദാതാക്കൾ ഏറ്റവും കൂടുതൽ നികുതി നൽകുന്ന രാജ്യം ബെൽജിയമാണ്. 54 ശതമാനം. 49.4 ശതമാനത്തോടെ ജർമനിയാണ് രണ്ടാമത്. അതുകൊണ്ടുതന്നെ ജർമനി സാന്പത്തിക വ്യവസ്ഥിതിയിൽ എന്നും മുന്നോട്ടാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ