എമിറേറ്റ്സ് എയർവേയ്സിൽ സ്മാർട്ട് ബാഗുകൾക്ക് വിലക്ക്
Friday, January 19, 2018 12:15 AM IST
ഫ്രാങ്ക്ഫർട്ട്: എമിറേറ്റ്സ് എയർവേയ്സിൽ സ്മാർട്ട് ബാഗുകൾക്ക് വിലക്ക് ഏർപ്പെടുത്തി എയർലൈൻസ് അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചു. അയാട്ട നിർദ്ദേശങ്ങളുടെ ഭാഗമായി ക്യാരി ഓണ്‍ അല്ലെങ്കിൽ ചെക്ക്ഡ് ഇൻ ബാഗേജ് ആയി കൊണ്ടുവരുന്ന സ്മാർട്ട് ബാഗുകൾക്ക് നിയന്ത്രണം ഉണ്ടാകുമെന്ന് എമിറേറ്റ്സ് അറിയിച്ചു. സാധനങ്ങൾ ഒരു സ്മാർട്ട് ബാഗിൽ പായ്ക്ക് ചെയ്യാതിരിക്കാൻ ശ്രമിക്കണം. ഇനി അങ്ങനെ ചെയ്യുകയാണെങ്കിൽ നീക്കം ചെയ്യാവുന്ന ബാറ്ററിയുള്ളതാണ് സ്മാർട്ട്ബാഗ് എന്നു ഉറപ്പു വരുത്തണം.

നീക്കം ചെയ്യാവുന്ന ബാറ്ററിയുള്ള, ക്യാബിൻ ബാഗേജിന്‍റെ നിശ്ചിത വലിപ്പവും ഭാരവുമുള്ള സ്മാർട്ട് ബാഗുകൾ മാത്രമേ ക്യാബിനിൽ അനുവദിക്കു. ബാറ്ററി സ്മാർട്ട്ബാഗിൽ നിന്ന് ഉൗരി മാറ്റേണ്ടതില്ല. എന്നാൽ സ്മാർട്ട് ബാഗ് പൂർണമായും പവർ ഓഫായിരിക്കണമെന്നും എമിറേറ്റ്സിന്‍റെ അറിയിപ്പിൽ പറഞ്ഞു.

അതേസമയം, നീക്കം ചെയ്യാനാവാത്ത ബാറ്ററിയുള്ള ബാഗ് ആണെങ്കിൽ അത് വിമാനത്തിൽ കൊണ്ടുപോകാൻ കഴിയില്ല. ചെക്ക്ഡ് ഇൻ ബാഗേജ് ആയി കൊണ്ടുവരുന്ന സ്മാർട്ട് ബാഗുകളുടെ ബാറ്ററി നീക്കം ചെയ്ത് ക്യാബിനിൽ കൊണ്ടുപോകാം. ഓരോ റൂട്ടിലെയും ക്യാബിൻ ബാഗേജിന്‍റെ വലിപ്പം/ഭാര പരിധി ലംഘിക്കുന്നതോ, നീക്കം ചെയ്യാനാവാത്ത ബാറ്ററിയുള്ളതോ ആയ സ്മാർട്ട് ബാഗുകൾ വിമാനത്തിൽ അനുവദിക്കില്ല.

റിപ്പോർട്ട്: ജോർജ് ജോണ്‍