യൂറോപ്യൻ യൂണിയന്‍റെ ഹൃദയം ഇപ്പോഴും യുകെയ്ക്കുവേണ്ടി തുറന്നിരിക്കുന്നു: ടസ്ക്
Thursday, January 18, 2018 12:42 AM IST
ബ്രസൽസ്: ബ്രെക്സിറ്റിന്‍റെ കാര്യത്തിൽ മനസ് മാറ്റത്തിനു തയാറാണെങ്കിൽ ബ്രിട്ടന് ഇനിയും യൂറോപ്യൻ യൂണിയനിൽ തുടരാവുന്നതാണെന്ന് യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്‍റ് ഡോണൾഡ് ടസ്ക്. യൂറോപ്പിന്‍റെ ഹൃദയം ഇപ്പോഴും യുകെയ്ക്കായി തുറന്നു വച്ചിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രെക്സിറ്റിന്‍റെ കാര്യത്തിൽ ഒരു ഹിത പരിശോധന കൂടി വേണമെന്ന് ആവശ്യപ്പെടുന്ന ബ്രിട്ടീഷ് എംപിമാർ ടസ്കിന്‍റെ പ്രസ്താവനയെ സ്വാഗതം ചെയ്തു. എന്നാൽ, യൂറോപ്യൻ യൂണിയൻ വിടണമെന്ന് ബ്രിട്ടീഷ് പൗരൻമാരിൽ ഭൂരിപക്ഷവും ആവശ്യപ്പെട്ടു കഴിഞ്ഞ സാഹചര്യത്തിൽ ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ലെന്നാണ് പരിസ്ഥിതികാര്യ സെക്രട്ടറി മൈക്കൽ ഗവ് പ്രതികരിച്ചത്.

യൂറോപ്യൻ യൂണിയനു പുറത്ത് മഹത്തായൊരു ഭാവിയാണ് യുകെയെ കാത്തിരിക്കുന്നതെന്നും അതിലേക്ക് ഒരുമിച്ചു നീങ്ങുകയാണ് ആവശ്യമെന്നും ഗവ് പറഞ്ഞു.

2019 മാർച്ചിൽ തന്നെ ബ്രെക്സിറ്റിൽ പൂർത്തിയാകുമെന്നും ഇക്കാര്യത്തിൽ ഇനിയൊരു ഹിതപരിശോധന ഉണ്ടാകില്ലെന്നുമാണ് സർക്കാരും പ്രഖ്യാപിച്ചിരിക്കുന്നത്.

ഹിതപരിശോധന ആവർത്തിക്കാനുള്ള സാധ്യത പൂർണമായി തള്ളിക്കളയാൻ കഴിയില്ലെന്നും പക്ഷേ, അങ്ങനെ വന്നാൽ യൂണിയൻ വിടണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടുകയേ ഉള്ളൂ എന്നുമാണ് യുകെഐപി നേതാവ് നിഗൽ ഫാരാജ് അവകാശപ്പെടുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ