ജർമനിയിലേക്കുള്ള അഭയാർഥി പ്രവാഹം കുത്തനെ ഇടിഞ്ഞു
Thursday, January 18, 2018 12:40 AM IST
ബർലിൻ: കഴിഞ്ഞ വർഷം ജർമനിയിലേക്കു വന്ന അഭയാർഥികളുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കുത്തനെ കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. ചാൻസലർ ആംഗല മെർക്കലിനു മേൽ ഈ വിഷയത്തിൽ നിലനിൽക്കുന്ന സമ്മർദത്തിന് വലിയ അളവിൽ അയവു വരുത്താൻ ഇതു സഹായിക്കും.

2015 ൽ 890,000 അഭയാർഥികൾ എത്തിയ സ്ഥാനത്ത്, കഴിഞ്ഞ വർഷം വന്നത് 186,000 പേർ മാത്രമാണ്. 2016ൽ ഇത് 280,000 ആയിരുന്നു.

കഴിഞ്ഞ വർഷം രാജ്യത്ത് എത്തിയവരിലേറെയും സിറിയക്കാരാണ്. 47,000 പേർ. ഇറാക്കിൽ നിന്ന് 21,000 പേരും അഫ്ഗാനിസ്ഥാനിൽനിന്ന് 12,000 പേരും എത്തി.

അഭയാർഥികളുടെ എണ്ണം പ്രതിവർഷം രണ്ടു ലക്ഷത്തിനുള്ളിലേക്ക് നിയന്ത്രിക്കാം എന്നതാണ് രാജ്യത്ത് പുതിയ സർക്കാർ രൂപീകരണത്തിനുള്ള ഉപാധികളിൽ പ്രധാനം. ഇതിനകം തന്നെ രണ്ടു ലക്ഷത്തിനു താഴെയായതിനാൽ ഇതിനി കൂടാതെ ശ്രദ്ധിക്കുക എന്നതു മാത്രമായിരിക്കും സർക്കാരിന്‍റെ ബാധ്യത.

മെർക്കലിന്‍റെ നേതൃത്വത്തിൽ പുതിയതായി ഉണ്ടുവുന്ന കൂട്ടുകക്ഷി മുന്നണിയിൽ അഭയാർഥികളെ സ്വീകരിക്കുന്നതിനുള്ള വ്യക്തമായ മാനദണ്ഡം സ്വീകരിച്ചു കഴിഞ്ഞു. പ്രതിവർഷം 2,20,000 ആളുകളെ മാത്രമേ സ്വീകരിക്കൂ എന്ന നിലപാടിൽ എത്തിയതോടെ വരും കാലങ്ങളിൽ ജർമനിയിലേയ്ക്കുള്ള അഭയാർഥി പ്രവാഹത്തിന് ശമനം ഉണ്ടാവുമെങ്കിലും ഇതിനോടകം എത്തിയവരുടെ കാര്യത്തിൽ ശരിയായ ഒരു പുനരധിവാസമോ ജോലി സാധ്യതകളോ മറ്റു ക്രമീകരണങ്ങളോ പൂർത്തിയാകാത്ത സാഹചര്യത്തിൽ ജർമനിയിലെ അഭയാർഥികളുടെ കാര്യം ദിവസം ചെല്ലുന്തോറും അഴിയാക്കുരുക്കുപോലെയാണ്. മാത്രവുമല്ല ഈയിനത്തിൽ സർക്കാരിന്‍റെ ഖജനാവിൽ നിന്നുള്ള ഒഴുക്ക് നിർബാധം തുടരുകയും ചെയ്യുന്നതിൽ ജർമൻകാർ ഏറെ അസന്തുഷ്ടരാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ