ജർമനിയിൽ ഭരണ പ്രതിസന്ധിക്ക് പരിഹാരമാകുന്നു
Saturday, January 13, 2018 9:27 PM IST
ബർലിൻ: ജർമൻ ചാൻസലർ ആംഗല മെർക്കലും പ്രതിപക്ഷ നേതാവ് മാർട്ടിൻ ഷൂൾസും കൈകോർക്കാനുള്ള തീരുമാനം ജർമനിയിലെ ഭരണ പ്രതിസന്ധിക്ക് അറുതി വരുത്തുന്നു. ഇതോടെ രാജ്യത്തിനൊപ്പം യൂറോപ്പിനും ആശ്വാസം.

പൊതുതെരഞ്ഞെടുപ്പിൽ പ്രധാന സഖ്യകക്ഷികളായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റുകൾക്കും ക്രിസ്റ്റ്യൻ സോഷ്യൽ യൂണിയനും ഭൂരിപക്ഷം ലഭിക്കാതെ വന്നതും വിശാല മുന്നണിയിൽ അംഗമായിരുന്ന സോഷ്യൽ ഡെമോക്രാറ്റുകൾക്ക് ചരിത്ര പരാജയം ഏറ്റുവാങ്ങേണ്ടിവന്നതുകാരണം അവരുടെ മഹാസഖ്യം തകർന്നിരുന്നു. അതോടെ മറ്റു കക്ഷികളുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കാൻ ചാൻസലർ ആംഗല മെർക്കൽ നിർബന്ധിതയായെങ്കിലും മാരത്തോണ്‍ ചർച്ചകൾക്കുശേഷവും സർക്കാർ രൂപവത്കരണം അസാധ്യമായതോടെ രാജ്യം വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്കു നീങ്ങു സ്ഥിതിവിശേഷമായിരുന്നു.

ഭരണ പ്രതിസന്ധി ഒഴിവാക്കാനായി പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയർ നടത്തിയ ശ്രമങ്ങളുടെ ഫലമായി നിലവിലെ മഹാസഖ്യം ഒരിക്കൽക്കൂടി ഒരുമിച്ചു ഭരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ജർമനി സ്വീകരിക്കേണ്ട അഭയാർഥികളെ സംബന്ധിച്ച് മെർക്കലിന്‍റെ സഖ്യകക്ഷികളായ ക്രിസ്റ്റ്യൻ സോഷ്യൽ യൂണിയനും സോഷ്യൽ ഡെമോക്രാറ്റുകളും തമ്മിൽ ഉടലെടുത്ത തർക്കം ചർച്ച വഴിമുടക്കുന്ന അവസ്ഥയായിരുന്നു.

എന്നാൽ, ഒടുവിൽ ഒരു വർഷം സ്വീകരിക്കേണ്ട അഭയാർഥികളുടെ എണ്ണം 1,80,000 മുതൽ 2,20,000 വരെ എന്ന് നിജപ്പെടുത്തണമെന്ന് തീരുമാനിക്കപ്പെട്ടതോടെ ജർമനിയിൽ വീണ്ടും ഭരണകക്ഷിയും പ്രധാന പ്രതിപക്ഷവും ചേർുള്ള “ഗ്രോക്കോ’ എ ഗ്രോസസ് കൊയലീഷൻ ഭരണം യാഥാർഥ്യമാകുകയാണ്.

യൂറോപ്യൻ പാർലന്‍റെ് മുൻ അധ്യക്ഷൻകൂടിയായ മാർട്ടിൻ ഷൂൾസ് എന്ന ഉൗർജസ്വലനായ സോഷ്യൽ ഡെമോക്രാറ്റ് നേതാവും ചാൻസലർ മെർക്കലും തമ്മിലുള്ള സൗഹൃദവും സോഷ്യൽ ഡെമോക്രാറ്റ് നേതാവു കൂടിയായിരുന്ന ഫെഡറൽ പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയറുടെ ഇടപെടലുകളുമാണ് അഞ്ചു മാസങ്ങൾക്കുശേഷം സർക്കാർ രൂപീകരിക്കാൻ അവസരമുണ്ടാക്കിയത്. അടുത്ത ആഴ്ചയോടെ മന്ത്രിസഭ രൂപവത്കരിക്കാൻ സാഹചര്യമുണ്ടായില്ലെങ്കിൽ ജർമൻ ഭരണഘടന അനുസരിച്ച് ഫെബ്രുവരിയിൽ വീണ്ടും തെരഞ്ഞെടുപ്പു നടത്തേണ്ടതായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ