വർണമെഴുതി ചിത്രസന്തേ ഇന്നുമുതൽ
Saturday, January 6, 2018 8:32 PM IST
ബംഗളൂരു: ഉദ്യാനനഗരിയിൽ വർണലോകമൊരുക്കി ചിത്രസന്തേയ്ക്ക് ഇന്ന് കുമാരകൃപ റോഡിൽ തുടക്കമാകും. കർണാടക ചിത്രകലാപരിഷത്തിൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ രാജ്യത്തെ 2500ഓളം കലാകാര·ാർ പങ്കെടുക്കും. ബംഗളൂരു ചിത്രസന്തേയുടെ പതിനഞ്ചാം പതിപ്പിനാണ് ഇന്ന് തിരിതെളിയുന്നത്. പാരിസ്ഥിത ദുരന്തവും കാലാവസ്ഥാ വ്യതിയാനവും എന്നതാണ് ഇത്തവണത്തെ ചിത്രസന്തേയുടെ പ്രധാന വിഷയം. ഈ വിഷയം സംബന്ധിച്ച് ചിത്രപ്രദർശനവും ഹ്രസ്വചിത്രപ്രദർശനവും പരിപാടിയിൽ ഒരുക്കിയിട്ടുണ്ട്.

രാജ്യത്തെ അറിയപ്പെടുന്നവരും അല്ലാത്തവരുമായ ചിത്രകാര·ാർക്ക് തങ്ങളുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനും ആസ്വാദകരോടു സംവദിക്കാനും ചിത്രങ്ങൾ അവർക്ക് നേരിട്ടു വില്ക്കാനുള്ള അവസരമാണ് ചിത്രസന്തേ ഒരുക്കുന്നത്. നൂറു രൂപ മുതൽ ഒരുലക്ഷം രൂപ വരെ വിലവരുന്ന ചിത്രങ്ങൾ സന്തേയിലുണ്ടാകും. ചിത്രങ്ങൾ കൂടാതെ കേന്ദ്ര ലളിതകലാ അക്കാദമിയുടേതടക്കം 1,500ഓളം സ്റ്റാളുകളും ചിത്രസന്തേയിലുണ്ടാകും. ഇത്തവണ ഫൈൻ ആർട്സ് കോളജുകളിലെ വിദ്യാർഥികൾക്കും ഭിന്നശേഷിക്കാർക്കും സ്റ്റാളുകൾ അനുവദിച്ചിട്ടുണ്ട്. കൂടാതെ കലാസംവാദങ്ങൾ, ശില്പശാലകൾ, സെമിനാറുകൾ എന്നിവ നടത്താൻ പ്രത്യേക വേദികളും ഒരുക്കും. കൂടാതെ നാടോടിനൃത്തവും ഗായിക ചന്ദ്രിക ഗുരുരാജിൻറെ നേതൃത്വത്തിലുള്ള സംഗീതപരിപാടികളും നടക്കും.

മുഖ്യമന്ത്രി സിദ്ധരാമയ്യ ചിത്രസന്തേ ഉദ്ഘാടനം ചെയ്യും. പ്രമുഖ ശില്പി കാനായി കുഞ്ഞിരാമൻ മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ പ്രഥമ പ്രഫ. എം.എസ്. നഞ്ചുണ്ടറാവു സ്മാരക പുരസ്കാരം കാനായി കുഞ്ഞിരാമന് സമ്മാനിക്കും. മന്ത്രിമാരായ റോഷൻ ബെയ്ഗ്, ബസവരാജ് റെഡ്ഡി, മേയർ ആർ. സന്പത്ത് രാജ് തുടങ്ങിയവർ പങ്കെടുക്കും. ഇത്തവണ വാർഷിക ചിത്രസന്തേ അവാർഡായ ചിത്രകലാ സമ്മാന് അർഹരായ സുധ മനോഹർ, ഡോ. താര കശ്യപ്, എസ്. ശിവ് മനോളി, സോമണ്ണ ചിത്രകാർ എന്നിവർക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

ചിത്രസന്തേ നടക്കുന്ന കുമാരകൃപ റോഡിൽ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അന്പതോളം സിസിടിവി കാമറകൾ വേദിയുടെ പരിസരത്ത് സ്ഥാപിച്ചിട്ടുണ്ട്. കുമാരകൃപ റോഡിൽ രാവിലെ ആറു മുതൽ രാത്രി ഒന്പതുവരെ വാഹനങ്ങൾ നിരോധിച്ചിട്ടുണ്ട്. നാലുലക്ഷത്തോളം പേർ സന്തേയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്