വീസാ തട്ടിപ്പ്: ഏജൻസിക്കെതിരെ കോടതിയുടെ സമൻസ്
Tuesday, January 2, 2018 11:06 PM IST
ന്യൂഡൽഹി: സിംഗപ്പൂരിലേയ്ക്കുള്ള വീസ നൽകാമെന്ന പേരിൽ മലയാളി നഴ്സിനെ വഞ്ചിച്ച കേസിൽ ഏജൻസിക്കെതിരെ കോടതിയുടെ സമൻസ്. ഡൽഹിയിലെ ജോബ് മന്ത്രാ റിക്രൂട്ടേഴ്സ് എന്ന ഏജൻസിക്കെതിരെ ഗുരുഗ്രാം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് സമൻസ് അയച്ചത്. ഡൽഹിയിൽ നഴ്സായി ജോലി ചെയ്യുന്ന ബോബി തോമസ് ആണ് പരാതിക്കാരൻ.

സിംഗപ്പുർ വീസ ലഭിക്കുന്നതിനായി ഏജൻസിയിൽ രജിസ്റ്റർ ചെയ്ത ബോബി ഇരുപതിനായിരത്തോളം രൂപ ഫീസായി അടച്ചു. എന്നാൽ വീസയുടെ കാര്യത്തിൽ മാസങ്ങളായി പുരോഗതി ഒന്നും ഉണ്ടാകാഞ്ഞ സാഹചര്യത്തിൽ ബോബി പണം തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പണം മടക്കി നൽകാൻ ഏജൻസി തയാറായില്ല. മാസങ്ങൾക്കുശേഷം ബോബിയുടെ നിർബന്ധത്തിനു വഴങ്ങി ഏജൻസി ചെക്ക് നൽകിയെങ്കിലും അത് ബാങ്കിൽ നിന്നും പണമാക്കാനാവാതെ മടങ്ങി. ഇതിനേത്തുടർന്ന് ഏജൻസിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല. തുടർന്നു ബോബി പ്രവാസി ലീഗൽ സെല്ലിനെ സമീപിക്കുകയും അഡ്വ. ബ്ലെസൻ മാത്യൂസ് മുഖേന മജിസ്ട്രേറ്റ് കോടതിയിൽ ക്രിമിനൽ കേസ് ഫയൽ ചെയ്യുകയുമായിരുന്നു.

നഴ്സിംഗ് റിക്രൂട്ടുമെന്‍റുമായി ബന്ധപ്പെട്ട് കോടതികൾ കർശന നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും തലസ്ഥാന നഗരിയിലും പരിസരപ്രദേശങ്ങളിലും തൊഴിൽ വീസയുടെ കാര്യത്തിൽ തട്ടിപ്പുകൾ നിർബാധം തുടരുകയാണെന്നാണ് സംഭവം ചൂണ്ടിക്കാണിക്കുന്നത്. കേസുകൾ നടത്താനുള്ള സമയക്കുറവും ബുദ്ധിമുട്ടും മൂലം പലരും കോടതിയേയൊ പോലീസിനേയൊ സമീപിക്കുന്നുമില്ല. ഇതാണ് സ്വകാര്യ ഏജൻസികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഘടകം.

ജനുവരി നാലിനാണ് കേസ് പരിഗണിക്കുക. പ്രവാസി ലീഗൽ സെല്ലിനുവേണ്ടി അഡ്വ. ബ്ലസൻ മാത്യൂസ്, അഡ്വ. സാറാ ഷാജി എന്നിവർ ഹാജരാകും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്