കാരൾ പാടി, നക്ഷത്രമൊരുക്കി ക്രിസ്മസിനെ വരവേറ്റ് ഉദ്യാനനഗരി
Tuesday, December 26, 2017 2:30 PM IST
ബംഗളൂരു: പുൽക്കൂട്ടിൽ പിറന്ന രക്ഷകനെ വരവേൽക്കാൻ ഉദ്യാനനഗരി അണിഞ്ഞൊരുങ്ങി. ക്രിസ്മസിന് ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കേ നാടും നഗരവും ആഘോഷത്തിമിർപ്പിലാണ്. പുൽക്കൂടുകളും ക്രിസ്മസ് ട്രീയും നക്ഷത്രവിളക്കുകളുമൊരുക്കി ശാന്തിയുടെയും സമാധാനത്തിൻറെയും ഉത്സവത്തെ ഏവരും വരവേറ്റു. കാരൾ മത്സരങ്ങളും കേക്ക് മേളകളുമായി വിവിധ സംഘടനകളും ദേവാലയങ്ങളും ക്രിസ്മസ് ആഘോഷമാക്കുകയാണ്. ബംഗളൂരു നഗരത്തിൽ ഇത്തവണയും ക്രിസ്മസ് വിപണി സജീവമായിരുന്നു. ബേക്കറികളും അലങ്കാരവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളിലും നല്ല തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. വ്യത്യസ്തമായ നക്ഷത്രങ്ങളും ബൾബുകളും അലങ്കാരവസ്തുക്കളും രുചിവൈവിധ്യമാർന്ന കേക്കുകളുമായാണ് വ്യാപാരികൾ ക്രിസ്മസിനെ സ്വാഗതം ചെയ്തത്. ദേവാലയങ്ങളിൽ ഇന്നു രാത്രി പിറവിത്തിരുനാൾ തിരുക്കർമങ്ങൾ ആരംഭിക്കും. ദിവ്യബലിക്കും തിരുക്കർമങ്ങൾക്കുമൊപ്പം കരോൾ ഗാനാലാപനവും കേക്ക് മുറിക്കലും ഒരുക്കുന്നുണ്ട്.

വിജയനഗർ ദേവാലയത്തിൽ

ബംഗളൂരു: വിജയനഗർ മേരിമാതാ ദേവാലയത്തിൽ ക്രിസ്തുമസ് തിരുക്കർമങ്ങൾ ഇന്ന് രാത്രി 9.30നു ആരംഭിക്കും. ഇടവക ഗായകസംഘം നേതൃത്വം നല്കുന്ന കാരൾ ശുശ്രൂഷ, തുടർന്ന് പിറവി തിരുക്കർമങ്ങൾ, ദിവ്യബലി, ക്രിസ്മസ് സന്ദേശം എന്നിവ ഉണ്ടായിരിക്കും. നാളെ രാവിലെ എട്ടിന് ദിവ്യബലിയുണ്ടായിരിക്കും. പുതുവത്സരത്തോടനുബന്ധിച്ചു 31ന് രാത്രി 9.30ന് ദിവ്യകാരുണ്യ ആരാധന, തുടർന്ന് വർഷാവസാന പ്രാർഥന, ദിവ്യബലി, വർഷാരംഭ പ്രാർഥന എന്നിവ ഉണ്ടായിരിക്കും. ജനുവരി ഒന്നിന് വൈകുന്നേരം ആറിന് ദിവ്യബലി ഉണ്ടായിരിക്കുമെന്നു വികാരി ഫാ. ജോബി വാക്കാട്ടിൽ പുത്തൻപുരയിൽ അറിയിച്ചു.

ആർആർസിയിൽ

ബംഗളൂരു: എസ്ജി പാളയ റിന്യൂവൽ റിട്രീറ്റ് സെൻററിൽ ക്രിസ്മസ് ആഘോഷങ്ങൾക്കു തുടക്കമായി. ഇന്നു രാത്രി 8.30ന് ദിവ്യകാരുണ്യ ആരാധനയോടെ തിരുക്കർമങ്ങൾക്കു തുടക്കമാകും. തുടർന്ന് 9.20ന് ആഘോഷമായ ദിവ്യബലിയും പിറവിത്തിരുന്നാൾ തിരുക്കർമങ്ങളും നടക്കും. തുടർന്ന് കേക്ക് മുറിക്കൽ നടക്കും. ക്രിസ്മസ് ദിനമായ നാളെ രാവിലെ 6.25നും വൈകുന്നേരം ആറിനും ദിവ്യബലിയുണ്ടായിരിക്കുന്നതാണെന്ന് ഡയറക്ടർ ഫാ. ജോസഫ് മുണ്ടോളിക്കൽ സിഎസ്ടി അറിയിച്ചു.

കഗദാസപുര ദേവാലയത്തിൽ

ബംഗളൂരു: ബസവനഗർ കഗദാസപുര സെൻറ് മേരീസ് ദേവാലയത്തിൽ ക്രിസ്മസ് ആഘോഷം ഫെലിസ് നതാൽ 2017 സംഘടിപ്പിച്ചു. ്രെകെസ്റ്റ് അക്കാഡമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ സ്റ്റഡീസ് ഡയറക്ടർ ഫാ. ആൻറണി പോട്ടോക്കാരൻ സിഎംഐ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ ഫാ. ലിജോ ബ്രഹ്മകുളം മുഖ്യാതിഥിയായിരുന്നു. വികാരി ഫാ. ഡേവിസ് പാണാടൻ അധ്യക്ഷത വഹിച്ചു. ദേവാലയത്തിലെ പിറവിത്തിരുന്നാൾ തിരുക്കർമങ്ങൾ ഇന്ന് രാത്രി ഒന്പതിന് ആരംഭിക്കും. നാളെ രാവിലെ 7.30നും ദിവ്യബലിയുണ്ടായിരിക്കുമെന്ന് വികാരി ഫാ. ഡേവിസ് പാണാടൻ സിഎംഐ അറിയിച്ചു.

ദാസറഹള്ളി ദേവാലയത്തിൽ

ബംഗളൂരു: ദാസറഹള്ളി സെൻറ് ജോസഫ് ആൻഡ് ക്ലാരറ്റ് ദേവാലയത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്ന് രാത്രി ഏഴിനും 8.30നും ദിവ്യബലി ഉണ്ടായിരിക്കും. ഒന്പതിന് കാരൾ ഗാനാലാപനം. പത്തിന് തിരുപ്പിറവി തിരുക്കർമങ്ങൾ ആരംഭിക്കും. 10.30 ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോണ്‍ പൈയിക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. ഫാ. തോമസ് താനിയാനിക്കൽ സഹകാർമികനാകും. ക്രിസ്മസ് ദിനമായ നാളെ എട്ടിന് ദിവ്യബലി ഉണ്ടായിരിക്കും. ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് ഇടവകയിലെ മുതിർന്നവർക്കും രോഗികൾക്കുമായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരുന്നു. ബംഗളൂരു ക്ലരീഷൻ സഭ സുപ്പീരിയർ ഫാ. ജേക്കബ് അറാക്കൽ, ഇടവക വികാരി ഫാ. തോമസ് താനിയാനിക്കൽ എന്നിവർ നേതൃത്വം നല്കി. തുടർന്ന് വീടുകളിലേക്കുള്ള കാരൾ പ്രദക്ഷിണവും നടന്നു.

്ക്രൈസ്റ്റ്‌ അക്കാഡമിയിൽ

ബംഗളൂരു: ഹുള്ളഹള്ളി ക്രൈസ്റ്റ്‌ അക്കാഡമിയിൽ ക്രിസ്മസ് ആഘോഷങ്ങൾ നടന്നു. ഫാ. ബെന്നി, ഫാ. ലിജോ, ഫാ. ആൻറണി എന്നിവർ മുഖ്യാതിഥികളായിരുന്നു. അക്കാഡമിയിലെ 220 അംഗ ഗായകസംഘം അവതരിപ്പിച്ച സംഗീതപരിപാടി മുഖ്യ ആകർഷണമായിരുന്നു. ക്രിസ്മസ് കഥയും തിരുപ്പിറവിയും ഉൾപ്പെടുത്തി അധ്യാപകർ ഒരുക്കിയ ക്രിസ്മസ് കാർണിവലും ശ്രദ്ധേയമായി. ചടങ്ങിൽ, സമൂഹത്തിലെ നിർധന വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നല്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കി. ്രെകെസ്റ്റ് അക്കാഡമി ആരംഭിച്ച പ്രകൃതി ചീല പദ്ധതിക്കും തുടക്കമായി. വിദ്യാർഥികൾക്കൊപ്പം രക്ഷാകർത്താക്കളും ഈ പദ്ധതിയിൽ ഭാഗഭാക്കായി.

അൾസൂർ ദേവാലയത്തിൽ

ബംഗളൂരു: അൾസൂർ ലൂർദ് മാതാ ദേവാലയത്തിൽ ക്രിസ്മസ് ആഘോഷപരിപാടികൾ ഇന്ന് വൈകുന്നേരം 6.15ന് ആരംഭിക്കും. കാരൾ ഗാനങ്ങളോടെ ആരംഭിക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. വിനോദ് പടിഞ്ഞാറേ കൈതക്കൽ മുഖ്യകാർമികനാകും. തിരുപ്പിറവി തിരുക്കർമങ്ങളെ തുടർന്ന് ദിവ്യബലി, കേക്ക് മുറിക്കൽ എന്നിവയും നടക്കും. ക്രിസ്മസ് ദിനമായ നാളെ രാവിലെ 10.15നും മലയാളത്തിൽ ദിവ്യബലി ഉണ്ടായിരിക്കും.

ബെത്ലഹേം നാദം2017

ബംഗളൂരു: ബാബുസാപാളയ സാൻജോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻറെ ആഭിമുഖ്യത്തിൽ ബെത്ലഹേം നാദം2017 കാരൾ ഗാനമത്സരം സംഘടിപ്പിച്ചു. വാശിയേറിയ മത്സരത്തിൽ സെൻറ് തോമസ് ഓർത്തഡോക്സ് മഹായിടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി. മത്തിക്കരെ സെൻറ് ഗ്രിഗോറിയസ് ചർച്ച് രണ്ടാം സ്ഥാനവും സെൻറ് തോമസ് ഫൊറോനാ ചർച്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരം ബാബുസാപാളയ സെൻറ് ജോസഫ്സ് ഇടവക വികാരി ഫാ. ഷിൻറോ മംഗലത്ത് ഉദ്ഘാടനം ചെയ്തു. വിൻസെൻഷ്യൻ സഭ റീജണൽ സുപ്പീരിയർ ഫാ. സെബാസ്റ്റ്യൻ പടിഞ്ഞാറേക്കുറ്റ് സമ്മാനദാനം നിർവഹിച്ചു. സാൻജോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡൻറ് ടോമി സെബാസ്റ്റ്യൻ, സെക്രട്ടറി ടോം പി. മാത്യു, കണ്‍വീനർ മാത്യു മാളിയേക്കൽ തുടങ്ങിയവർ പങ്കെടുത്തു.

ഓറിയോണ്‍ മാളിൽ ഉത്സവകാല ക്രിസ്മസ്

ബംഗളൂരു: ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് മല്ലേശ്വരത്തെയും ബാനസവാഡി ഈസ്റ്റിലെയും ഓറിയണ്‍ മാളുകൾ ദീപാലംകൃതമായി. മാളിൻറെ മധ്യത്തിൽ ക്രിസ്മസ് ട്രീയും റെ!യിൻഡീർ, സാന്താക്ലോസ് എന്നിവയുടെ വലിയ രൂപങ്ങളും ഒരുക്കിയിട്ടുണ്ട്. ക്രിസ്മസ് രാത്രിയിൽ കൂടുതൽ പരിപാടികൾ അരങ്ങേറുമെന്ന് മാൾ അധികൃതർ അറിയിച്ചു. കോമാളികളുടെ അഭ്യാസപ്രകടനങ്ങൾ, കാരൾ സംഗീതം, സാക്സഫോണ്‍ ലൈവ് എന്നിവയും ഉണ്ടായിരിക്കും.

മാണ്ഡ്യ രൂപത ക്രിസ്മസ് ആഘോഷം

ബംഗളൂരു: മാണ്ഡ്യ രൂപതയുടെ ക്രിസ്മസ് ആഘോഷം ഗ്ലോറിയാ 2017 വിപുലമായ കലാപരിപാടികളോടെ ഹുളിമാവ് ്രെകെസ്റ്റ് യൂണിവേഴ്സിറ്റി അങ്കണത്തിൽ നടന്നു. രൂപതാധ്യക്ഷൻ മാർ ആൻറണി കരിയിൽ അധ്യക്ഷനായിരുന്നു. ആഘോഷപരിപാടിയിൽ പ്രമുഖ മതപണ്ഡിതൻ റഷീദ് ഗാസിൽ, സ്വാമി സ്വരൂപ ചൈതന്യ, വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര സിഎംഐ, ചാൻസലർ ഫാ. ജോമോൻ കോലഞ്ചേരി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി മാത്യു മാന്പ്ര തുടങ്ങിയവർ പ്രസംഗിച്ചു. ലോഗോസ് ബൈബിൾ ക്വിസിൽ കേരളത്തിനു പുറത്തുനിന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഡോ. സിന്ധു പോളിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന്, രൂപതയുടെ പുതിയ സംരംഭമായ മ്യൂസിക് ബാൻഡിൻറെ ഉദ്ഘാടനം മാർ ആൻറണി കരിയിൽ കാരൾഗാനം ആലപിച്ച് നിർഹിച്ചു.

ആഘോഷസമ്മേളനത്തിൽ ധർമാരാം സെൻറ് തോമസ് ഫൊറോനാ വികാരി ഫാ. സിറിയക് മഠത്തിൽ സിഎംഐ, മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻസ് ഫൊറോനാ വികാരി ഫാ. മാത്യു പനക്കക്കുഴി സിഎംഎഫ്, ഇടവക വൈദികർ, സിസ്റ്റേഴ്സ്, പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങൾ, ഇടവകയിൽനിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ബംഗളൂരുവിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബിഎംസിഎ പ്രസിഡൻറ് ജെയ്ജോ ജോസഫ്, എക്സിക്യൂട്ടീവ് കമ്മിറ്റി മെന്പർ പി.എ. ഐസക്, കർണാടക മലയാളി കാത്തലിക് സർവീസ് സൊസൈറ്റി പ്രസിഡൻറ് പി.ജെ. ജോർജ്, സ്ഥാപക അംഗം വി.ഡി. വർഗീസ്, നായർ സർവീസ് സൊസൈറ്റി വൈസ് ചെയർമാൻ അഡ്വ. വിജയകുമാർ, ശ്രീനാരായണ സമിതി പ്രതിനിധികൾ, മുസ്ലിം സംഘടനാ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ അതിഥികളായിരുന്നു. പരിപാടിയോടനുബന്ധിച്ച് ഹൊങ്ങസാന്ദ്ര ഹോളിഫാമിലി മതബോധന കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം, രൂപത എക്സ് ബാൻറ് ആലപിച്ച കരോൾ ഗാനങ്ങൾ എന്നിവയും അരങ്ങേറി.