പൂജാ സന്നിധികളിൽ വിസ്മയക്കാഴ്ചയൊരുക്കി ശ്യാമളൻ
Wednesday, December 20, 2017 11:40 AM IST
ന്യൂഡൽഹി: പൂക്കൾകൊണ്ട് വിസ്മയക്കാഴ്ചയൊരുക്കി ശ്യാമളൻ വീണ്ടും ശ്രദ്ധേയനാവുന്നു. സ്വതസിദ്ധമായ തന്‍റെ കൈയ്യക്ഷരങ്ങളിലൂടെ കാലിഗ്രാഫിയിൽ ലോക റിക്കാർഡുകൾ കരഗതമാക്കിയ ഡൽഹി പോലീസിലെ സബ് ഇൻസ്പെക്ടറായ പി.പി. ശ്യാമളൻ ഡൽഹിയിൽ മണ്ഡല ഉത്സവ കാലത്ത് അയ്യപ്പ പൂജകൾക്കായി പ്രത്യേകം തയാറാക്കുന്ന പൂജാസന്നിധികളിൽ പുഷ്പാലങ്കാരങ്ങളൊരുക്കിയാണ് ഇത്തവണ ശ്രദ്ധിക്കപ്പെടുന്നത്.

തന്‍റെ താമസ സ്ഥലമായ മോഡൽ ടൗണിൽ കഴിഞ്ഞ പതിനെട്ടു വർഷങ്ങൾക്കു മുന്പ് പുഷ്പാലങ്കാരമൊരുക്കിയതോടെയാണ് ഡൽഹി നഗരത്തിലെ പൂജാസമിതികൾ ശ്യാമളാനെത്തേടി എത്തുന്നത്. കൃത്രിമമായ നിറങ്ങളൊന്നും ഇല്ലാതെ പ്രകൃതിദത്തമായ പൂക്കൾ കൊണ്ട് മാത്രമാണ് ചിത്രപണികൾ നടത്തുന്നുവെന്നതും ശ്യാമളന്‍റെ പ്രത്യേകതയാണ്.

തിലക് മാർഗ് പോലീസ് കോളനി, ആർ.കെ.പുരം, മോഡൽ ടൗണ്‍, ടാഗോർ ഗാർഡൻ, തീൻ മൂർത്തി ട്രാഫിക് ലൈൻ,രോഹിണി, വിശാൽ എൻക്ളേവ് രാജാ ഗാർഡൻ, സന്ത് നഗർ ബുറാഡി, ഷാലിമാർ ബാഗ് പോലീസ് കോളനി, നരേല, പശ്ചിമ് വിഹാർ, തുടങ്ങിയ സ്ഥലങ്ങളിലെ അയ്യപ്പ പൂജാ സമിതികളുടെ മണ്ഡല പൂജകൾക്കു വേണ്ടിയും കൂടാതെ ബ്രിജ് വിഹാർ അയ്യപ്പ ക്ഷേത്രത്തിനു വേണ്ടിയും ശ്യാമളൻ ഈ വർഷം പുഷ്പാലങ്കാരങ്ങൾ ഒരുക്കിക്കഴിഞ്ഞു.

തികച്ചും പ്രതിഫലം പറ്റാതെ പൂജാ മഹോത്സവങ്ങൾക്കായി പല ഡിസൈനുകളിലും വർണങ്ങളിലും പൂക്കൾകൊണ്ട് അലങ്കാരങ്ങൾ ഒരുക്കുകയെന്നത് ശ്യാമളനെ സാന്പത്തിച്ചിടത്തോളം കലിയുഗ വരദനായ കരുണാമയന്‍റെ അനുഗ്രഹം ഒന്നു മാത്രമാണെന്നാണ് വിശ്വാസം.

റിപ്പോർട്ട്: പി.എൻ. ഷാജി