സ്വിറ്റ്സർലൻഡിൽ ഡോ. സുനിൽ പി. ഇളയിടത്തിന്‍റെ പ്രഭാഷണം
Saturday, December 9, 2017 6:45 AM IST
സൂറിച്ച്: ജന്മനാടിനെക്കുറിച്ച് ചർച്ച ചെയ്യുകയും നൊന്പരങ്ങൾ പങ്കു വയ്ക്കുകയും ചെയ്യുന്ന സുമനസുകളായ സ്വിസ് മലയാളികൾക്കായി സ്വിസ് ചങ്ങാതിക്കൂട്ടം ഒരു പുതുവത്സര സമ്മാനം ഒരുക്കുന്നു. ചിന്തിപ്പിച്ചും രസിപ്പിച്ചും സദസുമായി സംവദിച്ചും പ്രഭാഷണത്തിലൂടെ സാമൂഹിക ഇടപെടലുകൾ നടത്തുന്ന ശബ്ദമാന്ത്രികൻ ഡോ. സുനിൽ പി ഇളയിടത്തിന്‍റെ പ്രഭാഷണം 2018 മാർച്ച് 10 ന് നടക്കും.

വൈകുന്നേരം അഞ്ചിന് സൂറിച്ചിലെ ഹോർഗനിൽ നടക്കുന്ന പ്രഭാഷണത്തിലെ മുഖ്യ വിഷയം ഇന്ത്യൻ മതനിരപേക്ഷത ഇന്നലെ, ഇന്ന്, നാളെ എന്നതാണ്. തുടർന്നു വിഷയത്തിൽ സംവാദവും നടക്കും. പ്രവേശനവും ലഘുഭക്ഷണവും സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

മാതൃഭാഷാസ്നേഹത്തിന്‍റെ അമ്മിഞ്ഞപ്പാൽ മധുരം, മനസിൽ കാത്തു സൂക്ഷിക്കുന്ന സ്വിസ്മലയാളികൾ, വാട്സ് ആപ്പ് നവയുഗ മീഡിയ വഴി ഒത്തുചേർന്ന ഒരു ചെറുകൂട്ടമാണ് സ്വിസ് ചങ്ങാതിക്കൂട്ടം.

സ്വിസ് മലയാളികൾക്ക് വിജ്ഞാന പ്രദമായ ഒരു സന്ധ്യയൊരുക്കുക എന്ന ആശയമാണ്, സോഷ്യൽ മീഡിയയിലൂടെ ലോകമലയാളികൾക്കെല്ലാം സുപരിചിതനായ സുനിൽ സാറിനെ ക്ഷണിക്കാൻ ചങ്ങാതിക്കൂട്ടത്തിനു പ്രേരണയായത്. ഡോ.സുകുമാർ അഴീക്കോടിനുശേഷം മലയാള നാടിന് ലഭിച്ച വരദാനമാണ് ഡോ. സുനിൽ പി. ഇളയിടം.

വിവരങ്ങൾക്ക്: ടോം കുളങ്ങര 0041763356557.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ