യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ: അന്വേഷണത്തിന് ജർമൻ ബാങ്ക് രേഖകളും
Wednesday, December 6, 2017 2:31 PM IST
ബെർലിൻ: യുഎസ് തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെടൽ നടത്തിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ജർമൻ സെൻട്രൽ ബാങ്കിൽനിന്നു ചില രേഖകൾ ആവശ്യമാണെന്ന് യുഎസ് സ്പെഷൽ കൗണ്‍സൽ റോബർട്ട് മുള്ളർ. ഈ ആവശ്യമുന്നയിച്ച് ബാങ്കിന് അദ്ദേഹം കത്തെഴുതി. എന്നാൽ, ബാങ്ക് ഇതു ലഭ്യമാക്കുമോ എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

അതേസമയം, ഇത്തരത്തിൽ മുള്ളർ ഒരാവശ്യവും ഉന്നയിച്ചിട്ടില്ലെന്നും ജർമൻ ബാങ്ക് രേഖകളൊന്നും നൽകിയിട്ടില്ലെന്നുമാണ് ട്രംപിന്‍റെ അഭിഭാഷകർ പറയുന്നത്.

ട്രംപിന്‍റെ റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കുള്ള പ്രധാന വായ്പാ ദാതാവാണ് ജർമൻ സെൻട്രൽ ബാങ്കായ ഡ്യൂഷെ ബാങ്ക്. ഒരു ഇടപാടുകാരെപ്പറ്റിയും പരസ്യ പ്രതികരണം നടത്താൻ കഴിയില്ലെന്നാണ് ഈ വിഷയത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ബാങ്ക് അധികൃതർ നൽകിയ മറുപടി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ