ബവേറിയയിൽ അധികാരക്കൈമാറ്റം: മാർക്കുസ് സോഡർ മുഖ്യമന്ത്രിയവും
Tuesday, December 5, 2017 2:39 PM IST
ബെർലിൻ: അധികാരമോഹത്തിന്‍റെ പേരിൽ കുപ്രസിദ്ധിയാർജിച്ച സിഎസ് യു നേതാവ് മാർക്കുസ് സോഡർ ബവേറിയയുടെ പുതിയ മുഖ്യമന്ത്രിയാവും. നിലവിലെ മുഖ്യമന്ത്രി ഹോഴ്സ്റ്റ് സീഹോഫർ സ്ഥാനമൊഴിയുന്ന ഒഴിവിലാണ് സിഎസ്യു പ്രതിനിധിയുടെ വരവ്.

മെർക്കലിന്‍റ ഏറ്റവും വിശ്വസ്തനായ സീഹോഫറുടെ പിൻഗാമിയായി സോഡറെ പാർട്ടി ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്. ബവേറിയൻ സ്റ്റേറ്റ് പാർലമെന്‍റിന്‍റെ അംഗീകാരം കൂടിയേ ഇതിനി വേണ്ടൂ. സെപ്റ്റംബറിൽ ദേശീയ പാർലമെന്‍റിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ സിഎസ്യുവിന്‍റെ വോട്ട് വിഹിതം 39 ശതമാനമായി ഇടിഞ്ഞതോടെയാണ് സീഹോഫർ സ്ഥാനമൊഴിയാൻ നിർബന്ധിതനായത്.

സന്പന്നമായ ബവേറിയയിൽ നാമമാത്രമായ പ്രതിപക്ഷത്തെ സാക്ഷി നിർത്തി ഭരണം നടത്തി വരുന്ന സിഎസ്യുവിന് പൊതുതെരഞ്ഞെടുപ്പിൽ പത്തു ശതമാനം വോട്ട് കുറഞ്ഞത് വലിയ തിരിച്ചടിയായിരുന്നു. പാർട്ടിയിലെ യാഥാസ്ഥിതിക വോട്ടർമാരെ കൂടെ നിർത്തുന്നതിൽ സീഹോഫർ പരാജയപ്പെട്ടെന്ന വിലയിരുത്തലുണ്ടായി. ചാൻസലർ ആംഗല മെർക്കലിന്‍റെ ഉദാരമായ അഭയാർഥി നയത്തിനെതിരേ ശക്തമായ നിലപാടാണ് സീഹോഫർ സ്വീകരിച്ചിരുന്നതെങ്കിലും യാഥാസ്ഥിതിക വോട്ടർമാരിൽ വലിയൊരു വിഭാഗം തീവ്ര വലതുപക്ഷത്തേക്കു മാറുകയായിരുന്നു എന്നാണ് നിരീക്ഷണം. എഎഫ്ഡി പൊതു തെരഞ്ഞെടുപ്പിൽ 12.6 ശതമാനം വോട്ട് നേടുകയും ചെയ്തിരുന്നു.

സിഎസ്യുവിലെ കത്തോലിക്ക, യാഥാസ്ഥിതിക വിഭാഗത്തിന് പ്രിയപ്പെട്ട നേതാവായാണ് മാർക്കുസ് സോഡർ. ചിരിക്കുന്ന പതിവില്ലാത്ത സോഡർ ടിവി ഷോകളിൽ പോലും ധാർഷ്ട്യം കാണിക്കാൻ മടിക്കാറില്ല.

റിപ്പോർട്ടർ: ജോസ് കുന്പിളുവേലിൽ