ബ്രെക്സിറ്റ്: സ്കോട്ട്ലൻഡും വെയിൽസും ലണ്ടനും പ്രത്യേകം കരാർ ആവശ്യപ്പെടും
Tuesday, December 5, 2017 2:18 PM IST
ലണ്ടൻ: ബ്രെക്സിറ്റ് ചർച്ചകൾ കൂടുതൽ സങ്കീർണമായ അവസ്ഥയിലേക്കു നീങ്ങുന്നു. പ്രത്യേകം ബ്രെക്സിറ്റി കരാറുകൾ വേണമെന്ന് സ്കോട്ട്ലൻഡും വെയിൽസും ആവശ്യപ്പെടാൻ സാധ്യത. ലണ്ടൻ പോലും ഇങ്ങനെയൊരു പ്രത്യേക കരാർ ആവശ്യപ്പെടുന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്.

വടക്കൻ അയർലൻഡിന് യൂറോപ്യൻ യൂണിയൻ വ്യാപാര നിയമങ്ങൾ പിന്തുടരാൻ അനുമതി നൽകുന്നതാണ് മറ്റു പ്രദേശങ്ങളും പ്രത്യേകം കരാർ ആവശ്യപ്പെടാൻ പ്രേരകമാകുന്നത്. ഇതിന്‍റെ വെളിച്ചത്തിൽ സ്കോട്ടിഷ് പ്രധാനമന്ത്രി നിക്കോള സ്റ്റർജിയൻ, വെയിൽസ് പ്രധാനമന്ത്രി കാർവിൻ ജോണ്‍സ്, ലണ്ടൻ മേയർ സാദിഖ് ഖാൻ എന്നിവർ ശക്തമായി രംഗത്തുണ്ട്.

യൂറോപ്യൻ യൂണിയൻ സംവിധാനങ്ങളുമായി കൂടുതൽ ചേർന്നു പോകാവുന്ന തരത്തിലുള്ള അനുമതികൾ വടക്കൻ അയർലൻഡനു നൽകാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ തത്വത്തിൽ സമ്മതിച്ചു കഴിഞ്ഞു. വടക്കൻ അർലൻഡ് യൂറോപ്യൻ യൂണിയനു പുറത്തു നിൽക്കുകയും എന്നാൽ, അതിർത്തി ലഘുവായിരിക്കുകയും ചെയ്യുന്ന തരത്തിലാണ് ധാരണ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ