സിറിയയിൽ നിന്നു തിരിച്ചു വരുന്നവർ കടുത്ത ഭീഷണി: ജർമൻ ഇന്‍റലിജൻസ് മേധാവി
Monday, December 4, 2017 3:42 PM IST
ബെർലിൻ: സിറിയയിൽനിന്നു മടങ്ങിവരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരിൽനിന്നു ജർമനി കടുത്ത ഭീഷണിയാണ് നേരിടുന്നതെന്ന് രാജ്യത്തെ ആഭ്യന്തര ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ മേധാവി ഹാൻസ് ജോർജ് മാസൻ.

സിറിയയിൽ നിന്ന് ബ്രെയ്ൻവാഷ് ചെയ്യപ്പെട്ടാണ് ഇവരെത്തുന്നത്. പലരും അപകടകരമായ തീവ്രവാദ ദൗത്യങ്ങൾ ഏറ്റെടുത്തിട്ടുണ്ടാകും. ജർമനിയിൽനിന്ന് ആയിരത്തോളം പേർ ഐഎസ്ഐഎസിൽ ചേർന്നിട്ടുള്ളതായാണ് ഇതുവരെയുള്ള കണക്ക്. യൂറോപ്പിൽനിന്നുള്ള സംഖ്യം പതിനയ്യായിരത്തോളം വരും. ഇത്തരത്തിൽ ഇറാക്കിലേക്കും സിറിയയിലേക്കും പോയ സ്ത്രീകളും കൗമാരക്കാരുമെല്ലാം ഇപ്പോൾ തിരിച്ചു വരുകയാണ്. ഇവിടുത്തെ പൗരൻമാർ തന്നെയായതിനാൽ പലരെയും തടയാനാകുന്നില്ല.

അതേസമയം, പുരുഷൻമാരായ തീവ്രവാദികളാരും തിരിച്ചു വരുന്നതായി വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും മാസൻ വ്യക്തമാക്കി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ